ഇഎസ് ബിജിമോളെ സിപിഐ ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി; നടപടി ‘ഗോഡ്ഫാദര്‍’ പരാമര്‍ശത്തില്‍

ആലപ്പുഴ: ഇഎസ് ബിജിമോള്‍ എംഎല്‍എയെ സിപിഐ തരം താഴ്ത്തി. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. ഗോഡ്ഫാദര്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി നിര്‍വാഹക സമിതി നിര്‍ദേശം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. ബിജിമോള്‍ക്കെതിരെയുള്ള നടപടി തീരുമാനിക്കാന്‍ ഇടുക്കി ജില്ലാ നിര്‍വാഹക സമിതിക്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മുന്‍പായി വിവാദപരാമര്‍ശത്തെക്കുറിച്ചുള്ള ബിജിമോളുടെ വിശദീകരണം പാര്‍ട്ടി തള്ളുകയും ചെയ്തിരുന്നു. തനിക്ക് ഗോഡ്ഫാദര്‍ ഇല്ലാത്തതുകൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന് ഇ.എസ്. ബിജിമോള്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് നടപടിക്ക് കാരണം. ഈ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. എന്നാല്‍, താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് വാരികയില്‍ അച്ചടിച്ചുവന്നത് എന്നായിരുന്നു ആദ്യം നല്‍കിയ വിശദീകരണം.രാഷ്ട്രീയത്തില്‍ ഗോഡ്ഫാദര്‍ ഉണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ഗോഡ്ഫാദര്‍ ഇല്ല എന്നു മാത്രമേ പറഞ്ഞിട്ടൂ എന്നായിരുന്നു ബിജി മോള്‍ നല്‍കിയ വിശദീകരണം.പക്ഷേ, പാര്‍ട്ടി ഇത് തള്ളുകയായിരുന്നു. രണ്ടാമതും വിഷയത്തില്‍ വിശദീകരണം നല്‍കിയെങ്കിലും ഇതും പാര്‍ട്ടി തള്ളുകയായിരുന്നു.

.

© 2024 Live Kerala News. All Rights Reserved.