ഇറോം ശര്‍മിള പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പില്‍ മത്സരിക്കും;മണിപ്പൂര്‍ രാഷ് ട്രീയത്തില്‍ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ഇറോം ശര്‍മിള

ഇംഫാല്‍: മണിപ്പൂരി സമരനായിക ഇറോം ശര്‍മിള പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. പീപ്പിള്‍സ് റിസര്‍ജന്‍സ് അന്‍ഡ് ജസ്റ്റീസ് അലയന്‍സ് (പ്രജ) എന്നാണ ്പുതിയ പാര്‍ട്ടിയുടെ പേര്. അടുത്ത വര്‍ഷം നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇറോം ശര്‍മിള വ്യക്തമാക്കി. ഇരേന്ദ്രോ ലീച്ചോന്‍ബാമാണ് പുതിയ പാര്‍ട്ടിയുടെ കണ്‍വീനര്‍. ഇറോം ശര്‍മ്മിള പാര്‍ട്ടിയുടെ കോ കണ്‍വീനറായിരിക്കും.മണിപ്പൂര്‍ രാഷ് ട്രീയത്തില്‍ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. നീതി, തിരിച്ചറിവ്, സ്‌നേഹം, സമാധാനം തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനമായിട്ടാകും പ്രജ പ്രവര്‍ത്തിക്കുക. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60ല്‍ 20 സീറ്റുകളിലേക്കെങ്കിലും പ്രജയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്നും തൗബാലിലും ഖുരാലിലും താന്‍ ജനവിധി തേടുമെന്നും ഇറോം ശര്‍മിള വ്യക്തമാക്കി. മണിപ്പൂര്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഓക്രാം ഇബോബി സിങിന്റെ മണ്ഡലമാണ് തൗബാല്‍. 2002 മുതല്‍ ഇബോബി സിങാണ് മണിപ്പൂര്‍ ഭരിക്കുന്നത്. അഫ്‌സ്പയ്‌ക്കെതിരായ ശക്തമായ പോരാട്ടം തന്റെ പാര്‍ട്ടി തുടരുമെന്നും എല്ലാ തരത്തിലുള്ള പട്ടാള വാഴ്ച്ചയ്ക്കും അതിക്രമങ്ങള്‍ക്കുമെതിരെ നിലകൊള്ളുമെന്നും ഇറോം വ്യക്തമാക്കി. കഴിഞ്ഞ ആഗസ്തിലാണ് 16 വര്‍ഷത്തോളം നീണ്ട നിരാഹാരസമരം ഇറോം ശര്‍മിള അവസാനിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.