ഐഎസിലേക്ക് ആകര്‍ഷിച്ചത് ‘അന്‍വര്‍ അല്‍ ഔലാക്കി’യുടെ പ്രസംഗങ്ങള്‍;കണ്ണൂരില്‍ നിന്നും പിടിയിലായ യുവാക്കളാണ് ഇക്കാര്യം പറഞ്ഞത്

കൊച്ചി: ഭീകരവാദ സംഘടനയായ ഐഎസിലേക്ക് ആകര്‍ഷിച്ചത് ഓണ്‍ലൈന്‍ ബിന്‍ലാദന്‍ എന്നറിയപ്പെടുന്ന അന്‍വര്‍ അല്‍ ഔലാക്കിയുടെ പ്രസംഗങ്ങളാണെന്ന് പിടിയിലായ യുവാക്കളുടെ മൊഴി. കണ്ണൂരില്‍നിന്ന് ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായവരാണ് ഇക്കാര്യം പറഞ്ഞത്.എന്‍ഐഎയുടെ ചോദ്യം ചെയ്യലിലാണ് യുവാക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അല്‍ ഖ്വയിദയുടെ വക്താവായിരുന്ന അന്‍വര്‍ അല്‍ ഔലാക്കിയുടെ പ്രസംഗങ്ങളാണ് സ്ഥിരമായി കേട്ടിരുന്നതെന്നും ഇതാണ് സംഘടനാ പ്രവര്‍ത്തനത്തിന് പ്രചോദനമായതെന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത ആറുപേര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ഓണ്‍ലൈന്‍ ബിന്‍ലാദന്‍ എന്നറിയപ്പെടുന്ന അന്‍വര്‍ അല്‍ ഔലാക്കി 2011ല്‍ യുഎസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഔലാക്കിയുടെ പ്രസംഗങ്ങളിലെ ഭാഗങ്ങള്‍ ഇവര്‍ സന്ദേശങ്ങളായി കൈമാറിയിരുന്നോ എന്നും എന്‍ഐഎയ്ക്കു സംശയമുണ്ട്. അതേസമയം, പ്രതി റാഷിദ് അലിയുടെ ഫോണില്‍ സിം കാര്‍ഡിട്ട് പ്രവര്‍ത്തിപ്പിക്കാന്‍ സിഡാക്കിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. ഇവര്‍ കൈമാറിയിരുന്ന ടെലഗ്രാം സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണിത്.

© 2024 Live Kerala News. All Rights Reserved.