പ്രതിപക്ഷത്തിന് സമരം അവസാനിപ്പിക്കാനുള്ള ഉദ്ദേശമില്ല; പരിയാരത്തെ 30 കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി; സ്പീക്കര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിരാഹാരസമരം നടത്തുന്ന പ്രതിപക്ഷത്തിന് സമരം അവസാനിപ്പിക്കാനുള്ള ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിയാരത്തെ 30 കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.സ്പീക്കറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തലവരിപ്പണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് തടസ്സമില്ല. ക്രമക്കേട് കാട്ടിയ മാനേജ്‌മെന്റുകള്‍ക്കെതിരെ നേരത്തെ നടപടി ഉണ്ടായിട്ടില്ല. എന്നാല്‍ മാനേജ്‌മെന്റുകള്‍ക്ക് ഈ സര്‍ക്കാര്‍ കൃത്യമായ ലക്ഷ്ണണരേഖ വരച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. സ്വാശ്രയ വിഷയത്തില്‍ സ്പീക്കര്‍ ഇന്ന് വിളിച്ചു ചേര്‍ത്ത ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു. സ്പീക്കറുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.കെ.ബാലന്‍, വി.എസ്.അച്യുതാനന്ദന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും എംഎല്‍എമാര്‍ നിരാഹാരമിരിക്കുന്നതിനാലാണ് സഭ ബഹിഷ്‌കരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നു നിയമസഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. ഇന്നത്തെ സഭാനടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ചോദ്യോത്തരവേളയോടെ സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷം ബഹളമുയര്‍ത്തി പ്രതിഷേധിച്ചു.

© 2024 Live Kerala News. All Rights Reserved.