തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി. തിരുവനന്തപുരം ഗാന്ധി ഭവനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മടങ്ങുമ്പോഴായിരുന്നു ഏഴോളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി മറ്റൊരു ഗേറ്റിലൂടെയാണ് പുറത്തേക്ക് പോയത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്വാശ്രയ മെഡിക്കല്‍ പ്രവേശ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. എന്നാല്‍ തന്നെ കരിങ്കൊടി കാട്ടിയത് ചാനലുകാര്‍ വാടകക്കെടുത്തവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിന്നീട് അത് തന്റെ തോന്നലിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം മെഡിക്കല്‍ മാനേജുമെന്റുമായി സര്‍ക്കാര്‍ ധാരണയായ അമിത ഫീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. നിരാഹാരം അനുഷിഠിച്ചിരുന്ന പിറവം എംഎല്‍എ അനൂപ് ജേക്കബിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നാളെ നിയമസഭ വീണ്ടും സമ്മേളിക്കുന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ ആലോചന.