23 നകം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍

 

കൊച്ചി: ജൂലായ് 23 നകം എല്ലാ സ്‌കൂളിലും പാഠപുസ്തകം എത്തിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അച്ചടി 20 നകം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. പുസ്തക വിതരണം വൈകുന്നത് സംബന്ധിച്ച രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കവെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിയിച്ചത്.

സംസ്ഥാനത്ത് ഏകദേശം രണ്ടരക്കോടി പുസ്തകങ്ങളാണ് ആവശ്യമുള്ളത്. ഇനി 10 ശതമാനം മാത്രമാണ് അച്ചടി പൂര്‍ത്തിയാക്കാനുള്ളതെന്നും തയ്യാറായ 40 ലക്ഷം പുസ്തകങ്ങള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ കെ.ബി.പി.എസിനേയും കോടതി കക്ഷി ചേര്‍ത്തു.

ഈ കാര്യങ്ങളില്‍ കെ.ബി.പിഎസിന്റെ നിലപാട് എന്താണെന്ന് അറിയേണ്ടതുള്ളതിനാലാണ് കെ.ബി.പിഎസിനെ കോടതി കക്ഷി ചേര്‍ത്തത്. കാലതാമസം എന്തുകൊണ്ടാണന്ന് കെ.ബി.പി.എസ് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വകാര്യ പ്രസില്‍ പുസ്തകം അച്ചടിക്കാന്‍ നല്‍കിയതിനെക്കുറിച്ച് കെ.ബി.പി.എസിനോട് കോടതി വിശദീകരണം തേടി. ഹര്‍ജി ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

© 2024 Live Kerala News. All Rights Reserved.