ക്ലാസില്‍ മലയാളം പറഞ്ഞു; നാലാം ക്ളാസുകാരന്‍െറ പുറത്ത് പോസ്റ്റര്‍ പതിച്ച് വീട്ടിലേക്കയച്ചു

തൊടുപുഴ: ക്ലാസില്‍ മലയാളം പറഞ്ഞതിന് അധ്യാപിക നാലാം ക്ലാസ് ക്‌ളാസുകാരന്റെ പുറത്ത് പോസ്റ്റര്‍ പതിച്ചു. ‘ഞാന്‍ അനുസരണയില്ലാത്തവനാണ്, എപ്പോഴും മലയാളമേ സംസാരിക്കൂ’ എന്ന് ഇംഗ്ലീഷിലെഴുതിയ പോസ്റ്റര്‍ യൂണിഫോമില്‍ പതിച്ചാണ് അധ്യാപികയുടെ ക്രൂരത. തൊടുപുഴ വണ്ണപ്പുറത്തെ കാളിയാര്‍ ജയറാണി പബ്ലിക് സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. രക്ഷിതാവിന്റെ പരാതിയില്‍ നാഗാലന്‍ഡ് സ്വദേശിയായ അധ്യാപികക്കെതിരെ കാളിയാര്‍ പൊലീസ് കേസെടുത്തു.
ബുധനാഴ്ച കമ്യൂണിക്കേറ്റിവ് ഇംഗ്‌ളീഷ് ക്‌ളാസിലാണ് അധ്യാപികയുടെ വിവാദനടപടി. ക്‌ളാസ് നടക്കുന്നതിനിടെ ഏഴോളം വിദ്യാര്‍ഥികള്‍ മലയാളം സംസാരിച്ചതിനത്തെുടര്‍ന്നാണ് അധ്യാപിക ഇവരെ ശിക്ഷിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഏഴ് കുട്ടികളെയും ക്‌ളാസില്‍ എഴുന്നേല്‍പ്പിച്ചുനിര്‍ത്തുകയും വെള്ളക്കടലാസില്‍ ‘ഐ ആം വെരി ഡിസൊബീഡിയന്റ്, ഐ ഓള്‍വെയ്‌സ് സ്പീക് മലയാളം: എന്ന വാചകങ്ങള്‍ കമ്പ്യൂട്ടര്‍ പ്രിന്റെടുത്ത് ഓരോ വിദ്യാര്‍ഥിയുടെയും ഷര്‍ട്ടിനുപുറത്ത് പിന്‍ ചെയ്യുകയുമാണുണ്ടായതെന്ന് പരാതിക്കാരനായ രക്ഷിതാവ് പറയുന്നു. നടപടിക്ക് വിധേയനായ ഒരു കുട്ടി വൈകീട്ട് വീട്ടിലത്തെി യൂനിഫോം മാറ്റുമ്പോഴാണ് പോസ്റ്റര്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. മലയാളം സംസാരിച്ചതിന് ടീച്ചര്‍ ഒട്ടിച്ചതാണെന്നായിരുന്നു കുട്ടിയുടെ മറുപടി. പറന്നുപോകാത്ത രീതിയിലാണ് പോസ്റ്റര്‍ ഷര്‍ട്ടില്‍ ഘടിപ്പിച്ചിരുന്നത്. തുടര്‍ന്ന്, മകനെ സ്‌കൂള്‍ അധികൃതര്‍ അധിക്ഷേപിച്ചെന്നുകാട്ടി കുട്ടിയുടെ പിതാവ് കാളിയാര്‍ പൊലീസില്‍ പരാതി നല്‍കി.
അതേസമയം, കുട്ടികളുടെ ഇംഗ്‌ളീഷ് നിലവാരം മെച്ചപ്പെടുത്താന്‍ അടുത്തിടെ തുടങ്ങിയ ‘സ്റ്റഡി വിത്ത് ഗെയിമി’ന്റെ ഭാഗമായിരുന്നു ഇതെന്നും പിന്നില്‍ പതിച്ച പോസ്റ്ററുമായി കുട്ടി വീട്ടില്‍ പോകുന്നത് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടില്‌ളെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോഷ്‌നി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.