രാജ്യം പരമാവധി സംയമനം പാലിക്കും; ഇനിയും പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും യുഎന്നില്‍ പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ് : ഇന്ത്യയുടെ ഭാഗത്തുനിന്നു ഇനിയും പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍. എന്നാല്‍ രാജ്യം പരമാവധി സംയമനം പാലിക്കുമെന്നും പാക്കിസ്ഥാന്‍ യുഎന്നില്‍ അറിയിച്ചു. നിയന്ത്രണരേഖ കടന്ന് ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്ര സംഘടനയിലെ പാക്ക് പ്രതിനിധി മലീഹ ലോധി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രസമിതിയിലാണ് പാക് പ്രതിനിധി മലിഹ ലോധി ഇക്കാര്യം വ്യക്തമാക്കിയത്.വിഷയം ചര്‍ച്ച ചെയ്യാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്ന് അടിയന്തിരമന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതേസമയം, ഭീകരവാദികള്‍ക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരണമെന്നും അമേരിക്ക പ്രതികരിച്ചു. യുഎന്‍ ഭീകരരായി പ്രഖ്യാപിച്ചവര്‍ക്കെതിരെ പാകിസ്താന്‍ നടപടികള്‍ കൈക്കൊളളണമെന്നും ഇരുരാജ്യങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഒരു ഇന്ത്യന്‍ സൈനികനെ പിടികൂടിയതായും അവര്‍ പറഞ്ഞു. മഹാരാഷ്ട്രക്കാരനായ ചന്തു ബാബുലാല്‍ ചൗഹാനാണ് പിടിയിലായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനികന്‍ അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചതാണെന്നും ഇദ്ദേഹത്തെ വിട്ടുനല്‍കണമെന്നും പാക്ക് സൈന്യത്തോട് ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ അതിര്‍ത്തി കടന്നുള്ള മിന്നല്‍ ആക്രമണത്തിനിടെ എട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടന്ന പാക്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് ഇന്ത്യന്‍ സൈന്യം നിഷേധിച്ചു. ബുധന്‍ അര്‍ധരാത്രിക്കുശേഷം പാക്ക് അധീന കശ്മീരില്‍ ഭീകരരുടെ ഇടത്താവളങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കമാന്‍ഡോ ആക്രമണത്തില്‍ 38 ഭീകരരോളം കൊല്ലപ്പെട്ടിരുന്നു. അതേസമയം, പാക്ക് അധീന കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം കമാന്‍ഡോ ആക്രമണം നടത്തിയെന്നതു കെട്ടുകഥയാണെന്നും നിയന്ത്രണരേഖയില്‍ വെടിവയ്പാണുണ്ടായതെന്ന നിലപാടിലാണ് ഇപ്പോഴും പാക്ക് സൈന്യം.

© 2024 Live Kerala News. All Rights Reserved.