ന്യൂഡല്‍ഹി: രാജ്യസഭ ഇന്ന് കശ്മീര്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനിരിക്കെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി ഇന്ത്യ താക്കീത് ചെയ്തു. കശ്മീരില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്നവിധം അതിര്‍ത്തിക്കപ്പുറമിരുന്ന് ഇന്ധനം പകര്‍ന്നാല്‍ തിരിച്ചടിക്കേണ്ടി വരും എന്ന് പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഇപ്പോഴും പാക്കിസ്ഥാന്‍ ഭീകരരെ അയയ്ക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കറാണ് അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി താക്കീതു ചെയ്തത്.വടക്കന്‍ കശ്മീരില്‍ ജൂലൈ 25ന് നടന്ന ഏറ്റുമുട്ടലില്‍ പാക് പൗരനും ലശ്കറെ ത്വയ്യിബ ഭീകരനുമായ ബഹാദൂര്‍ അലിയെ പിടികൂടിയ കാര്യം ഈ സന്ദര്‍ഭത്തില്‍ വിദേശകാര്യ സെക്രട്ടറി പരാമര്‍ശിച്ചു. അറസ്റ്റ് ചെയ്ത ഭീകരനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ കുറിപ്പും ഇന്ത്യ കൈമാറി.
ലഷ്‌കറെ ത്വയ്യിബ ക്യാമ്പുകളില്‍ പരിശീലനം കിട്ടിയ ശേഷമാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് ബഹാദൂര്‍ അലി ഇന്ത്യന്‍ അധികൃതര്‍ക്ക് മുമ്പാകെ സമ്മതിച്ചിട്ടുണ്ടെന്ന് പാക് ഹൈക്കമ്മീഷണര്‍ക്ക് രേഖാമൂലം നല്‍കിയ താക്കീതില്‍ ഇന്ത്യ വെളിപ്പെടുത്തി. പിടിയിലായ ഭീകരന്‍ നേരത്തേ ലഷ്‌കര്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടെന്നും, അവിടെ നിന്നുള്ള നിര്‍ദേശ പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും ഇന്ത്യ വിശദീകരിച്ചു. കശ്മീരിന് ഇന്ത്യയില്‍ തുല്യസ്വാതന്ത്ര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച അതേ ദിവസം തന്നെയാണ് പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിപ്പിച്ചത്. കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നടത്തിയ പ്രസ്താവനകള്‍ ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു.