പശുക്കടവ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; കണ്ടെടുത്തത് വിപിന്‍ദാസിന്റെ മൃതദേഹം; മരണസംഖ്യ അഞ്ചായി; ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: കുറ്റ്യാടിയിലെ പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ആറു യുവാക്കളില്‍ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തി. ഒരാള്‍ക്കായുള്ള തിരച്ചില്‍ കടന്ത്ര പുഴയില്‍ തുടരുന്നു. അവസാനമായി കണ്ടെത്തിയത് വിപിന്‍ദാസിന്റെ മൃതദേഹമാണ്.പന്നിക്കൂട്ട് മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താനാണ് ദുരന്തനിവാരണ സേന തീരുമാനിച്ചിട്ടുള്ളത്. കോസ്റ്റ് ഗാര്‍ഡിന്റെ സഹായവും ഇന്ന് ലഭ്യമാക്കും. ഇതുകൂടാതെ ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാണ്.പശുക്കടവ് കടന്ത്ര പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ആറു പേരെയാണ് കാണാതായത്. ഇതില്‍ ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും മൂന്നുപേരുടേത് തിങ്കളാഴ്ചയും കണ്ടെടുത്തിരുന്നു.ഞായറാഴ്ച വൈകീട്ടാണ് പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ എക്കലിലാണ് ദാരുണ സംഭവമുണ്ടായത്. പശുക്കടവ് കുറ്റ്യാടിപ്പുഴയുടെ പോഷകനദിയായ കടന്ത്രപ്പുഴയും ഇല്യാനിപ്പുഴയും ചേരുന്നഭാഗത്തെ പൃക്കന്തോട് ചെക്ഡാമില്‍ കുളിക്കവെയാണ് ഒമ്പത് യുവാക്കള്‍ ശക്തമായ ഒഴുക്കില്‍പെട്ടത്. ഇതില്‍ മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. കോതോട് വിനോദിന്റെ മകന്‍ വിനീഷ് (21), ബാലന്റെ മകന്‍ അമല്‍ (20), രാജന്റെ മകന്‍ വിഷ്ണു (21) എന്നിവരാണ് രക്ഷപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.