കോഴിക്കോട് :കുറ്റ്യാടിയിലെ പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ആറു യുവാക്കളില്‍ നാലു പേരുടെ മൃതദേഹവും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന്‍ ഷൈന്‍ ശശിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മാവട്ടം ഭാഗത്തുനിന്നാണ് ഷൈനിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി വൈകി കോതോട് പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അപകടസ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്. ബാക്കിയുള്ള രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. പുഴയില്‍ കുളിക്കാനെത്തിയ ഒന്‍പതു പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേരെ രക്ഷപ്പെടുത്തി. വയനാട് ജില്ലയിലെ മാവട്ട വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതാണ് പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ കാരണം. കോതോട് സ്വദേശികളായ പാറയുള്ളപറമ്പത്ത് രാജന്റെ മകന്‍ വിഷ്ണു, കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്ത്, പാറയുള്ള പറമ്പത്ത് രാജീവന്റെ മകന്‍ അക്ഷയ് രാജ്, കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ വിപിന്‍ ദാസ് എന്നിവരെയാണ് കാണാതായത്. അപകടം നടന്ന കൂട്ടിക്കല്‍ മേഖലയില്‍ മഴയുണ്ടായിരുന്നില്ല. കുട്ടിക്കുന്നുമ്മല്‍ വിനീഷ്, പാറയുള്ള പറമ്പത്ത് അമല്‍, പാറയുള്ള പറമ്പത്ത് ജിഷ്ണു എന്നിവരാണ് രക്ഷപ്പെട്ടത്. കടന്തറപ്പുഴയുടെ ഭാഗത്ത് വൈകുന്നേരം ഓട്ടോയിലും ബൈക്കിലുമായിട്ടാണ് ഇവര്‍ ഇന്നലെ കുളിക്കാനെത്തിയത്. നീന്തല്‍ വശമില്ലാത്തതിനാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷിബിന്‍ ദാസ് പുഴയില്‍ ഇറങ്ങിയില്ല. ജിഷ്ണു, അമല്‍ എന്നിവര്‍ മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ നീങ്ങിയപ്പോഴാണ് മലവെള്ളപ്പാച്ചിലുണ്ടായത്.രക്ഷപ്പെട്ട മൂന്നുപേരെയും രാത്രി കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.