ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയെന്ന് ബിജെപി;പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദു ധര്‍മ്മത്തെ നവീകരിച്ചു;ചതയ ദിനത്തില്‍ കേരള ഘടകത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെയാണ് പാര്‍ട്ടി ഇക്കാര്യം പറഞ്ഞത്

തിരുവനന്തപുരം: കേരളം ലോകത്തിന് നല്‍കിയ സംഭാവന നല്‍കിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് ശ്രീനാരായണ ഗുരുയെന്ന് ബിജെപി കേരള ഘടകം ചതയ ദിനത്തില്‍ കേരള ഘടകത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെയാണ് പാര്‍ട്ടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദു ധര്‍മ്മത്തെ നവീകരിച്ച ഗുരുദേവന്‍ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയുമെന്നും പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളം ലോകത്തിന് സംഭാവന നല്‍കിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് നാരായണ ഗുരുദേവന്‍. പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദു ധര്‍മ്മത്തെ നവീകരിച്ച ഗുരുദേവന്‍ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും. അനാചാരങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുമ്പോഴും അത് സ്വധര്‍മ്മത്തിന് എതിരാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. പരിഷ്‌കാരത്തിന്റെ പേരില്‍ സംസ്‌കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളി പറയാന്‍ മടി കാണിക്കാത്ത ഇന്നത്തെ കപട ‘പുരോഗമന’ വാദികള്‍ക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവര്‍ത്തികള്‍. ഗുരു ഉയര്‍ത്തിയ ചിന്തകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കല്‍ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ്. ഗുരുദേവ ദര്‍ശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും നാം ഒറ്റക്കെട്ടായി ചെറുക്കണം. ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തില്‍ നടന്നപ്പോള്‍ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നല്‍കിയത് ഗുരുദേവന്റെ പേര് ആയിരുന്നു. ആ സമ്മേളനത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ മറ്റൊരു ദേശീയ കൗണ്‍സിലിന് കൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്മരണകളാണ് ഉയര്‍ത്തുന്നത്. ഏവര്‍ക്കും ചതയ ദിനാശംസകള്‍.

© 2024 Live Kerala News. All Rights Reserved.