അധ്യാപികയുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു; പ്രണയലേഖനത്തിന്റെ പേരില്‍ കളിയാക്കിയതിനെ തുടര്‍ന്നാണ് നന്ദന തീകൊളുത്തിയത്; അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: സ്‌കൂളിലെ പ്രധാന അധ്യാപികയുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. മുവാറ്റുപുഴ സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പിഎ നന്ദനയാണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ഥിനി. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്.പ്ലസ്ടുവിന് പഠിക്കുന്ന നന്ദനയുടെ ബാഗില്‍നിന്നു പ്രണയലേഖനം അധ്യാപകര്‍ കണ്ടെത്തിരുന്നു. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം പോയി ചത്തൂടെയെന്ന് അധ്യാപിക ശകാരിക്കുകയും ചെയ്തിരുന്നു. പ്രണയലേഖനം കണ്ടെടുത്ത അധ്യാപികയ്ക്കു പുറമേ പ്രിന്‍സിപ്പലും പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പരിഹസിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ആര്‍ക്കോ പ്രണയലേഖനം എഴുതിയെന്നു പറഞ്ഞായിരുന്നു ശകാരവും കളിയാക്കലും. സഹപാഠികളുടെ മുന്നില്‍ വച്ചുള്ള അപമാനപ്പെടുത്തലിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ നന്ദന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.