പത്മ പുരസ്‌ക്കാരങ്ങള്‍ ജനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാം; ഈ നടപടി പുരസ്‌കാര പ്രഖ്യാപനത്തിലെ സുതാര്യത ഉറപ്പാക്കുന്നതിന് വേണ്ടി;അവസാന തീയതി സെപ്തംബര്‍ 15

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ പത്മാപുരസ്‌കാരങ്ങള്‍ക്കായി ആളുകളെ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം. തുടര്‍ച്ചയായി പത്മ പുരസ്‌കാരം സ്വാധീനം ഉപയോഗപ്പെടുത്തി ചിലര്‍ കരസ്ഥമാക്കുന്നു എന്ന ആരോപണത്തെ മറികടക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ നടപടിയാണിത്. പുരസ്‌കാര പ്രഖ്യാപനത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു നീക്കം. ഓണ്‍ലൈനായിട്ടാണ് നാമനിര്‍ദ്ദേശം ചെയ്യാവുന്നത്. വിശ്വാസീയതയ്ക്കായി ആധാര്‍ നമ്പറിനൊപ്പമാണ് നാമനിര്‍ദ്ദേശം നല്‍കേണ്ടത്. ഇതാദ്യമായാണ് പത്മ പുരസ്‌കാരത്തിന് നിര്‍ദേശിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ അവാര്‍ഡുകള്‍ എന്ന വിഭാഗത്തിലൂടെയാണ് ശുപാര്‍ശ ചെയ്യാവുന്നത്. ഇതില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശകള്‍ സാധ്യമാണ്. അതിനായി പൗരന്മാര്‍, അതോറിറ്റി തുടങ്ങി ഉപവിഭാഗങ്ങളുമുണ്ട്. ശുപാര്‍ശ നല്‍കേണ്ട അവസ്സാന തിയതി ഈ മാസം 15 ആണ്. പത്മ വിഭൂഷണ്‍, പത്മ ഭൂഷണ്‍, പത്മ ശ്രീ എന്നിവയാണ് പത്മ പുരസ്‌കാരങ്ങള്‍. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് പത്മാ പുരസ്‌കാരങ്ങള്‍ വിതരണം നടക്കുന്നത്.  നിലവില്‍ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയ്ക്കും ഭാരതരത്‌നം, പത്മവിഭൂഷണ്‍ ലഭിച്ചവര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എംപിമാര്‍ എന്നിവര്‍ക്കുമാണ് നാമനിര്‍ദ്ദേശം നടത്തുവാന്‍ അനുവാദമുള്ളത്.

© 2024 Live Kerala News. All Rights Reserved.