പത്മപുരസ്‌കാരങ്ങള്‍ക്ക് കേരളം ജംബോ പട്ടിക നല്‍കി; കേന്ദ്രം വിയര്‍ക്കും;അവസാന നിമിഷം മോഹന്‍ലാല്‍ ഔട്ടായി

തിരുവനന്തപുരം : പത്മപുരസ്‌കാരങ്ങള്‍ക്ക്് കാച്ചിക്കുറുക്കിയാണെങ്കിലും കേരളം നല്‍കിയത് ജംബോ പട്ടിക. ഇത് പരിശോധിച്ച് അര്‍ഹരെക്കണ്ടെത്താന്‍ കേന്ദ്ര ജൂറിയിലുള്ളവര്‍ നല്ലവണ്ണം വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവിഹിത ഇടപെടലുകള്‍ പരമാവധി ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പട്ടിക തയ്യാറാക്കിയത്. അഞ്ചുപേരില്‍ കൂടുതല്‍ ഉള്‍പ്പെടുത്തരുതെന്ന മാനദണ്ഡം മറികടന്നാണ് 13 പേരുടെ ജംബോ പട്ടിക കേരളം അയക്കുന്നത്. അവസാനിമിഷം വരെ മോഹന്‍ലാലിന്റെ പേരുണ്ടായെങ്കിലും പിന്നെയിത് അപ്രത്യക്ഷമായി. പത്മഭൂഷണ്‍ പി. ഗോപിനാഥന്‍നായര്‍ (സാമൂഹികസേവനം), പത്മശ്രീ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍, മാധ്യമപ്രവര്‍ത്തകനായ കെ.എം. റോയി, പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍, ഡോ. വി.പി. ഗംഗാധരന്‍ (വൈദ്യശാസ്ത്രം), ഡോ. എം.ഐ. സഹദുള്ള (ആരോഗ്യവിദ്യാഭ്യാസം), പി.യു. തോമസ് (സാമൂഹികസേവനം), പി. കുഞ്ഞികൃഷ്ണന്‍ (ശാസ്ത്രസാങ്കേതികം), അത്‌ലറ്റ് പ്രീജ ശ്രീധരന്‍, കായികപരിശീലകന്‍ പ്രഫ. സണ്ണി തോമസ്, ശ്രീകുമാരന്‍ തമ്പി (കവി, ഗാനരചയിതാവ്, സംവിധായകന്‍), കെ. മുരളീധരന്‍ (വ്യവസായം) എന്നിവരാണു പട്ടികയിലുള്ളത്.

Mohanlal

പത്മ പുരസ്‌കാരങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കാന്‍ രാഷ്ട്രീയക്കാരടങ്ങിയ ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ശരിവച്ച സാഹചര്യത്തില്‍ അതീവജാഗ്രതയോടെയാണു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പട്ടിക കേന്ദ്രത്തിനയച്ചത്. പല കേന്ദ്രങ്ങളില്‍നിന്നു ലഭിച്ച 80 പേരുടെ പട്ടിക അഞ്ചു മന്ത്രിമാരും ചീഫ് സെക്രട്ടറിയുമടങ്ങുന്ന സമിതി പരിശോധിച്ചാണ് നല്‍കിയത്. പട്ടികയിലെ എണ്ണം കൂടിയാല്‍ പുരസ്‌കാരക്കച്ചവടമെന്ന പേരുദോഷമുണ്ടാകുമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ചീഫ് സെക്രട്ടറിയാണ് അഞ്ചുപേര്‍ മതിയെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍, ഉന്നതസ്വാധീനത്തേത്തുടര്‍ന്ന് അന്തിമപട്ടികയില്‍ 13 പേര്‍ ഇടംപിടിച്ചു. കനത്ത സമ്മര്‍ദത്തേത്തുടര്‍ന്നു തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ദുബായിലെ പ്രമുഖവ്യവസായി കെ.മുരളീധരന്റെ പേരൂകൂടി ശിപാര്‍ശ ചെയ്തു മറ്റൊരു റിപ്പോര്‍ട്ടും കേന്ദ്രത്തിനു നല്‍കി. മുന്‍വര്‍ഷങ്ങളില്‍ കോടികള്‍ മുടക്കി ചില പ്രാഞ്ചിയേട്ടന്‍മാര്‍ പത്മപുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത്തവണ ആ ചീത്തപ്പേരുണ്ടാക്കരുതെന്ന് സംസ്ഥാന സര്‍ക്കാറിന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ എങ്ങനെ വെട്ടിയെന്നത് വ്യക്തമല്ല.

© 2024 Live Kerala News. All Rights Reserved.