കൊച്ചി: ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. പദ്ധതി പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആറന്മുള വിമാനത്താവള പദ്ധതിക്ക് പൂര്‍ണ അനുമതി നല്‍കിയിരുന്നില്ല. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തത്വത്തില്‍ നല്‍കിയ അനുമതി പിന്‍വലിക്കുകയാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ആറന്മുള വിമാനത്താവള പദ്ധതിയിക്ക് അനുകൂലമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. പിന്നീട് തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തു. പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പ് പരിസ്ഥിതി അനുമതിക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. പരിസ്ഥിതി അനുമതി ലഭിച്ചിരുന്നെങ്കിലും പഠനം നടത്തിയ എന്‍വിറോ കെയര്‍ കമ്പനിക്ക് മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കുകയും സുപ്രീംകോടതി ഇത് ശരിവെക്കുകയും ചെയ്തിരുന്നു.