തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസില്‍ ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന 6.82 ലക്ഷം രൂപയാണു കവര്‍ന്നത്. കാര്‍ഡ് ഉപയോഗിച്ചു മാത്രം പ്രവേശിക്കാന്‍ കഴിയുന്ന ഓഫീസ് മുറിയില്‍ നിന്നു തുക നഷ്ടപ്പെട്ടതിനാല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനിടെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി മിഥുനെ കാണാതായത് കൂടുതല്‍ ദുരൂഹതയുയര്‍ത്തുന്നു.
തീയറ്ററില്‍ നിന്നു കാണാതായ ജീവനക്കാരന്‍ മിഥുനെ കുറിച്ചു തീയറ്റര്‍ അധികൃതര്‍ക്കുള്ള വിവരങ്ങള്‍ പരിമിതമാണ്. ഇയാള്‍ ഒഡീഷ സ്വദേശിയാണെന്നായിരുന്നു തീയറ്റര്‍ അധികൃതരുടെ ധാരണ. കവര്‍ച്ചയ്ക്കുശേഷം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ബംഗാള്‍ സ്വദേശിയാണെന്നു കാണിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ലഭിച്ചത്. എറണാകുളം ഐശ്വര്യ ഏജന്‍സീസാണ് തീയറ്ററിലേക്കു മിഥുന്‍ അടക്കമുള്ള തൊഴിലാളികളെ നല്‍കിയത്. തീയറ്ററിലെ മൂന്നു ദിവസത്തെ കളക്ഷന്‍ തുകയാണ് ഓഫീസിലെ ഷെല്‍ഫില്‍ നിന്നു നഷ്ടപ്പെട്ടത്.
ഇന്നലെ രാവിലെ തീയറ്റര്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. തൃശൂരില്‍ നിന്നു വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തി. മിഥുനിനെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.