കോഴിക്കോട്: കറുകുറ്റിയിലെ അപകടത്തിനു പിന്നാലെ തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ 202 സ്ഥലങ്ങളില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇവിടെ 30 കിലോമീറ്റര്‍ വേഗമേ പാടുള്ളുവെന്നതിനാല്‍ വേഗനിയന്ത്രണം വയ്ക്കുന്ന ട്രെയിന്‍ ഗതാഗതം വീണ്ടും അനിശ്ചിതത്വത്തിലാകും. നിലവില്‍ ട്രെയിനുകള്‍ പലതും വൈകിയാണ് ഓടുന്നത്. അതിനൊപ്പം വേഗനിയന്ത്രണം കൂടിയാകുമ്പോള്‍ യാത്രക്കാര്‍ വലയും. അപകടത്തിനു കാരണമായ റെയില്‍ പാളത്തിലെ വിള്ളല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥന്‍ മൂന്നു തവണ നല്‍കിയ മുന്നറിയിപ്പ് എന്‍ജിനീയറിങ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവഗണിച്ചുവെന്നും ആരോപണമുണ്ട്. അതേസമയം, കറുകുറ്റിയിലുണ്ടായ തീവണ്ടി അപകടത്തെക്കുറിച്ച് തെളിവെടുപ്പിനായി റെയില്‍വേയുടെ ഉന്നതതലയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. റെയില്‍വേ ചീഫ് സെക്യൂരിറ്റി ഓഫീസര്‍, ചീഫ് ട്രാക്ക് എക്സാമിനര്‍, ചീഫ് റോളിങ് സ്റ്റോക് എന്‍ജിനീയര്‍, ചീഫ് ഓഫ് ഇലക്ട്രിക്കല്‍സ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തെളിവെടുക്കുക. ട്രെയിനിനെ ആശ്രയിക്കുന്നവരെ ദുരിതത്തിലേക്ക് തള്ളവിടുന്ന സ്ഥിതിയാണ് റയില്‍വേയുടേത്. ഓണക്കാലമെത്തിയതോടെ മലയാളികളുടെ യാത്രയെ ഇത് കാര്യമായിത്തന്നെ ബാധിക്കും.