ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരാക്രമണത്തിന് ഒത്താശ ചെയ്തത് പാകിസ്ഥാനാണെന്നുള്ളതിന്റെ പുതിയ തെളിവുകള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും ഇത് പാകിസ്ഥാന്റെ സഹായത്തോടെയുമാണെന്നുള്ള തെളിവുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യം എന്‍ഐഎ പരിഗണിക്കുന്നതിനിടെയാണ് പുതിയ തെളിവുകള്‍ യുഎസ് കൈമാറുന്നത്.
ജനുവരി ഒന്നിനായിരുന്നു പത്താന്‍കോട്ട് ആക്രമണം. ഇതിന്റെ സൂത്രധാരകരെന്നു വിശ്വസിക്കപ്പെടുന്നവരുടെ ഫെയ്‌സ്ബുക് അക്കൗണ്ടുകളുടെ ഐപി വിലാസങ്ങള്‍ പാക്കിസ്ഥാനിലേതാണ്. ജയ്‌ഷെ മുഹമ്മദിനു സാമ്പത്തിക സഹായം നല്‍കുന്ന അല്‍ റഹ്മത് ട്രസ്റ്റിന്റെ വെബ്‌സൈറ്റിന്റെ ഐപി വിലാസവും പാക്കിസ്ഥാനിലേതാണ്. ജയ്ഷിന്റെ നേതാവ് കാഷിഫ് ജാന്റെ സുഹൃത്തുക്കളാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട നാലു ഭീകരരുടെ ചിത്രങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നു. ആക്രമണസമയത്ത് അല്‍ റഹ്മത് ട്രസ്റ്റിന്റെ വെബ്‌പേജ്, റാംഗൊനൂര്‍ ഡോട്ട് കോം (rangonoor.com), അല്‍കാലംഓണ്‍ലൈന്‍ ഡോട്ട് കോം (alqalamonline.com) എന്നീ വെബ്‌സൈറ്റുകളിലാണ് അപ്‌ലോഡ് ചെയ്തത്. താരിഖ് സിദ്ദിഖീ എന്ന ഇമെയില്‍ ആണ് ഈ രണ്ടു വെബ്‌സൈറ്റുകളും കൈകാര്യം ചെയ്യുന്നത്. വിലാസമായി നല്‍കിയിരിക്കുന്നതു കറാച്ചിയിലെ സ്ഥലവും.
പഞ്ചാബ് എസ്പി സല്‍വീന്ദര്‍ സിങ്ങിനെ തട്ടിക്കൊണ്ടുപോയശേഷം ഭീകരര്‍ പാക്കിസ്ഥാനിലേക്കു വിളിച്ച മൊബൈല്‍ നമ്പര്‍ ജാനിന്റേതായിരുന്നു. ഇതേ നമ്പര്‍ ഇയാളുടെ ഫെയ്‌സ്ബുക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഭീകരര്‍ വിളിച്ച മറ്റൊരു നമ്പര്‍ മുല്ല ദാദുല്ല എന്ന ഫെയ്‌സ്ബുക് അക്കൗണ്ടുമായി ബന്ധപ്പെട്ടതാണ്. ഈ അക്കൗണ്ടുകളെല്ലാം പത്താന്‍കോട്ട് ആക്രമണസമയത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇവയുടെ ഐപി വിലാസങ്ങളെല്ലാം പാക്ക് ആസ്ഥാനമായ ടെലികോമുകളായ ടെലിനോര്‍, പാക്കിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍സ് കമ്പനി ലിമിറ്റഡ് എന്നിവയുടേതാണ്. സ്വാഭാവികമായും പാകിസ്ഥാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് തെളിവുകളെല്ലാംതന്നെ.