ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാതാവളത്തില്‍ ജയ്‌ഷെ മുഹമദ് നടത്തിയ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് വ്യക്തമായ പങ്കുള്ളതായി തെളിവുകള്‍. ഇതുസംബന്ധിച്ച് ഇന്റര്‍നെറ്റ് സംഭാഷണ രേഖകള്‍ യുഎസ് ഇന്ത്യയ്ക്കു കൈമാറി. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ക്കാണു യുഎസ് വിവരങ്ങള്‍ കൈമാറിയത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള നാസിര്‍ ഹുസൈന്‍, ഗുജ്രന്‍വാല സ്വദേശി അബൂബക്കര്‍, സിന്ധ് പ്രവിശ്യയില്‍നിന്നുള്ള ഉമര്‍ ഫറൂഖ്, അബ്ദുള്‍ ഖയൂം എന്നിവരുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാന്‍ നടത്തിയ ഇന്റര്‍നെറ്റ് സംഭാഷങ്ങളുടെ വിവിരങ്ങളാണ് രേഖയിലുള്ളത്. പഞ്ചാബില്‍ കടന്ന ഭീകരര്‍ പൊലീസ് സൂപ്രണ്ടായ സല്‍വീന്ദര്‍ സിങ്ങിനെ ആക്രമിച്ചതിനുശേഷം ബന്ധപ്പെട്ടത് കാഷിഫ് ജാനിനെയാണ്. പാക്കിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദിന്റെ മറ്റു അനുയായികളുമായി കാഷിഫ് വിവിധ സമയങ്ങിലായി നടത്തിയ സംഭാഷങ്ങളുടെ വിവരങ്ങളും കൈമാറിയവയിലുണ്ട്. കാഷിഫിന്റെ വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക് വിവിരങ്ങളും അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രേഖകളാവട്ടെ പാകിസ്ഥാന്‍ ഭീകരാക്രമണത്തിന് ചുക്കാന്‍പിടിച്ചെന്ന് തെളിയിക്കുന്നതാണ്.