മഞ്ചേരി: വ്യവസായിയായ എറണാകുളം വൃന്ദാവന്‍ കോളനിയില്‍ വിനോദ് കുമാര്‍ (54) വളാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യക്കും സുഹൃത്തിനും ജീവപര്യന്തം. വിനോദിന്റെ ഭാര്യ എളംകുളം വെട്ടിച്ചിറ പന്തനാനിക്കല്‍ ജസീന്ത ജോര്‍ജ് (ജ്യോതി62), സുഹൃത്ത് ഇടപ്പള്ളി എളമക്കര മാമംഗലം നമ്പ്രത്ത് മുഹമ്മദ് യൂസഫ്(51) എന്നിവര്‍ക്കാണ് മഞ്ചേരി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികള്‍ 42,500 രൂപ വീതം പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ നാലു വര്‍ഷം അധിക തടവ് അനുഭവിക്കുകയും വേണം. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കുറ്റകൃത്യത്തിനുവേണ്ടി ഒരുമിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി തെളിയിക്കപ്പെട്ടു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കോടതി ശരിവച്ചിരുന്നു.
2015 ഒക്ടോബര്‍ എട്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി ഉടമയായ വിനോദ്കുമാര്‍ കൊല്ലപ്പെടുന്നത്. വിനോദ്കുമാര്‍ മറ്റൊരു വിവാഹം കഴിക്കുകയും അതില്‍ കുഞ്ഞ് ജനിക്കുകയും വിനോദിന്റെ സ്വത്ത് കൈമാറ്റം ചെയ്യപ്പെടുമെന്നതുമാണ് കൊലപാതകത്തിന് കാരണമായത്.