നായകളെ കൊല്ലാനുള്ള തീരുമാനം കേരളം പിന്‍വലിക്കണം; അല്ലാത്തപക്ഷം അടിയന്തിര കോടതിലക്ഷ്യ കേസ് ഫയല്‍ ചെയ്യും; പിണറായി വിജയന് അഡ്വ.പ്രശാന്ത് ഭൂഷന്റെ കത്ത്

ന്യൂഡല്‍ഹി: നായകളെ കൊല്ലാനുള്ള തീരുമാനം കേരളം പിന്‍വലിച്ചില്ലെങ്കില്‍ സുപ്രീംകോടതിയില്‍ അടിയന്തരമായി കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. വസ്തുതകള്‍ വിലയിരുത്താതെയാണ് നായകളെ കൊല്ലുമെന്ന് മന്ത്രിമാരായ കെ.ടി. ജലീലും കെ. രാജുവും പ്രസ്താവനകള്‍ നടത്തിയിട്ടുള്ളതെന്നും ഈ നടപടി സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും കത്തിലുണ്ട്്. നായകളെ കൊല്ലരുതെന്ന് 2015 നവംബറിലും ഈ വര്‍ഷം മാര്‍ച്ചിലും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചാല്‍, മൃഗക്ഷേമ ബോര്‍ഡും മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് വന്ധ്യംകരണം നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതിന് വ്യക്തമായ നടപടിക്രമങ്ങളും സുപ്രീംകോടതി നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസനീയമല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ വിനോദ സഞ്ചാര സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് ഈ വാര്‍ത്തകള്‍ വരുന്നതെന്ന് മനസ്സിലാക്കണം. നിക്ഷിപ്ത താല്‍പര്യമുള്ള ചിലരാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍. വളരെ സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നത്തെ ഇത്രയും പെരുപ്പിച്ച് കാണിക്കുന്നതെന്തിനാണെന്ന് ഭൂഷണ്‍ ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.