ആക്രമകാരികളായ തെരുവ് നായകളെ മരുന്ന് കുത്തിവെച്ച് കൊല്ലും; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മന്ത്രി കെ ടി ജലീല്‍ നിര്‍ദേശം നല്‍കി; വന്ധ്യംകരണവും തുടരും

തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷവും വൃദ്ധയെ കടിച്ചുകൊന്ന പശ്ചാത്തലത്തിലും അക്രമകാരികളായ നായകളെ മരുന്ന് കുത്തിവെച്ച് കൊല്ലാന്‍ തീരുമാനം. ആക്രമകാരികളായ നായകളെ കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് ഇന്നുതന്നെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കും. തെരുവുനായശല്യം നേരിടാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. ശല്യം രൂക്ഷമായ മേഖലകളില്‍ അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശവും നല്‍കി. അക്രമകാരികളായ നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അതിനു നിയമതടസ്സമില്ലെന്നും മന്ത്രി കെ.ടി.ജലീലും വ്യക്തമാക്കി. അതേസമയം, ആക്രമണകാരികളായ തെരുവു നായ്ക്കളെ വെറ്ററിനറി സര്‍ജന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നതിനനുസരിച്ചു നശിപ്പിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ തീരുമാനിച്ചു.തെരുവുനായ ശല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ മുതല്‍ വന്ധ്യംകരണം നടത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന വകുപ്പുതല യോഗത്തില്‍ തീരുമാനമായി. മൂന്ന് വര്‍ഷം തുടര്‍ച്ചയായി വന്ധ്യംകരണം നടത്തിയാലെ ഉദ്ദേശിച്ച ഫലമുണ്ടാകുകയുള്ളുവെന്ന് മന്ത്രി ജലീല്‍ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.