നാദാപുരം: മുസ് ളീംലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍.വളയം സ്വദേശി നിധിന്‍ എന്നയാളാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ഇന്നോവ കാര്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസ് കരുതുന്നത്. കുട്ടു എന്ന വിളിക്കപ്പെടുന്ന ഇയാള്‍ ഡിവൈഎഫ്‌ഐ യുടെ പ്രാദേശിക നേതാവാണെന്നാണ് വിവരം.പ്രതികള്‍ക്ക് വാഹനം നല്‍കിയത് ഇയാളാണെന്നും അഞ്ചു ദിവസത്തേക്ക് ഇന്നോവ കാര്‍ വാടകയ്ക്ക് നല്‍കുകയായിരുന്നെന്നും വിവരമുണ്ട്. അതേസമയം ഇയാള്‍ കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നില്ല. ഇയാളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകികളെ സംബന്ധിച്ച വിവരം പോലീസിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചനകള്‍. അതേസമയം അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് ഇതുവരെ കൂട്ടാക്കിയിട്ടില്ല. കേസില്‍ പത്തു ദിവസങ്ങള്‍ക്ക ശേഷമാണ് ഒരു അറസ്റ്റ് ഉണ്ടാകുന്നത്. കേസ് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് പോലീസ് നല്‍കുന്ന സൂചന. രണ്ടു ദിവസമായി ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നായിരുന്നു. തൂണേരി ഷിബിന്‍ വധക്കേസില്‍ മൂന്നാം പ്രതിയായിരുന്ന മുഹമ്മദ് അസഌത്ത കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് അക്രമിസംഘം വെട്ടിയത്. വടകരയില്‍ നിന്നും നാദാപുരത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ പിന്നാലെ ഇന്നോവയില്‍ എത്തിയ സംഘം വെട്ടുകയായിരുന്നു. ഒരു കൈ അറ്റ നിലയില്‍ മാരകമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.