നാദാപുരത്ത് വെട്ടേറ്റ് മരിച്ച മുഹമദ് അസ്‌ലത്തിന്റെ ശരീരത്തില്‍ 67 മുറിവുകള്‍; ടിപി വധവുമായി സംഭവത്തിന് സമാനകളേറെ; ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: നാദാപുരം ചാലപ്രത്ത് വെച്ച് വെട്ടേറ്റ് മരിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മുഹമദ് അസ്‌ലത്തിന്റെ ശരീരത്തില്‍ 67 മുറിവുകളുള്ളതായി ആശുപത്രിവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 13 മുറിവുകളും മുഖത്താണ്.
ടിപി ചന്ദ്രശേഖരന്റെ ശരീരത്തില്‍ 51 വെട്ടുകളുണ്ടായിരുന്നതെങ്കില്‍ ഇത് അതിലും ഭീകരമായ കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.
ടിപിയെ കൊല്ലാനെത്തിയ മാതൃകയില്‍ ഇന്നോവയിലാണ് കൊലയാളികള്‍ എത്തിയതും. കരുതിക്കൂട്ടി ആസൂത്രിതമായ കൊലപാതകമാണിതെന്നും വ്യക്തം.വടകരയില്‍നിന്നു നാദാപുരത്തേക്കു ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘമാണ് അസ്‌ലമിനെ തുരുതുരാ വെട്ടിയത്. വലതു കൈപ്പത്തി അറ്റുതൂങ്ങിയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന നാദാപുരം തുണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയായിരുന്നു മുഹമദ് അസ്‌ലം. തുണേരി ഷിബിന്‍ വധക്കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനായ അസ്‌ലം ഉള്‍പ്പെടെ 17 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം ഭീഷണിയുണ്ടായിരുന്നു. 2015 ജനുവരി 22 ന് രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ കൊല്ലപ്പെട്ടത്. മറ്റ് ആറ് പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയവും വര്‍ഗീയപരുമായ കാരണങ്ങളാല്‍ ഷിബിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. വടകര റൂറല്‍ എഎസ്പി കറുപ്പു സ്വാമിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റ്യാടി സിഐ ഉള്‍പ്പെടെയുളളവര്‍ അന്വേഷണ സംഘത്തിലുണ്ട്. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാനുളള നടപടികള്‍ ജില്ലാ ഭരണകൂടം കൈക്കൊള്ളുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.

© 2024 Live Kerala News. All Rights Reserved.