കൊച്ചി: പുഴയില്‍ വീണ വീട്ടമ്മയെ കരയ്ക്ക് കയറ്റാന്‍ ശ്രമിച്ച പട്ടാക്കാരനോട് ഇക്ക പിടിച്ചോളുമെന്ന് പറഞ്ഞത് വസ്തുതയാണെങ്കിലും വിഷയം മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ചതായി അധ്യാപകന്‍ പോള്‍ മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എനിക്ക് നിങ്ങളുടെ മകന്റെ പ്രായമേ കാണുവെന്ന് പറഞ്ഞ് പട്ടാളക്കാരനായ രാഹുല്‍ രാമചന്ദ്രനാണ് വീട്ടമ്മയെ കരയ്ക്ക് കയറ്റിയത്.
ഭര്‍ത്താവല്ലാതെ മറ്റാരും തൊടരുതെന്ന് വാശിപിടിച്ചെന്ന തരത്തില്‍ മലയാള മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോതമംഗലം എംഎ കോളെജിലെ ഇംഗ്ലീഷ് അധ്യാപകനായ പോള്‍ മാത്യുവാണ് വാര്‍ത്തയുടെ നിജസ്ഥിതിയെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.
അപകടത്തില്‍പ്പെട്ട ഭര്‍ത്താവിനെയും, യുവതിയെയും സന്ദര്‍ശിച്ച് വസ്തുതകള്‍ തിരക്കിയ ഇദ്ദേഹം ഇവരെ രക്ഷപ്പെടുത്താനിറങ്ങിയ പട്ടാളക്കാരനായ യുവാവിന്റെ വീട്ടിലും പോയി. തുടര്‍ന്നാണ് തനിക്ക് ബോധ്യപ്പെട്ടത് പ്രചരിച്ച വാര്‍ത്തകളിലുളളത് പകുതി സത്യം മാത്രമാണെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
വാര്‍ത്ത അര്‍ദ്ധ സത്യം മാത്രം. നേര്‍ പകുതി കടുത്ത നിറം ചാലിച്ച നുണകള്‍.
ഇത് രാഹുല്‍ രാമചന്ദ്രന്‍ ഞാന്‍, പോള്‍ മാത്യു, കോതമംഗലം എം.എ. കോളജില്‍ ഇംഗ്ലിഷ് അധ്യാപകന്‍. എന്റെ കൂടെയുള്ളത് ബി.എ. ഇംഗ്ലിഷ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥി ജോയല്‍.
വസ്തുതകള്‍ അപകടം നടന്നു എന്നത് ശരി. പക്ഷേ പുഴയില്‍ കുത്തൊഴുക്കുള്ള വെള്ളം ഉണ്ടായിരുന്നു എന്നത് അര്‍ത്ഥസത്യം. വീണിടത്ത് നിലയുണ്ടായിരുന്നില്ല. 10 അടി താഴെ പുഴയില്‍ ചെറിയ ഒരു തുരുത്തുണ്ടായിരുന്നു. ഇവിടെ അരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നു. വെള്ളത്തില്‍ വീണ മധ്യവയ്‌സ്‌കയായ ഭാര്യ ഒഴുക്കില്‍പ്പെട്ട് ഇവിടെ എത്തിയപ്പോള്‍ അവര്‍ക്ക് മണ്ണില്‍ കാല്‍കുത്തി നില്‍ക്കാന്‍ കഴിഞ്ഞു.
പൂനെയില്‍ ആര്‍മ്മി സിഗ്‌നല്‍സില്‍ കമ്മാന്‍ഡോ ആയ രാഹുല്‍ രാമചന്ദ്രന്‍ തൊട്ടുപിറകെ ബൈക്കിലെത്തി.
റോഡില്‍ പാലത്തിന്റെ പടിഞ്ഞാററ്റത്ത് ഏഴടി താഴ്ച്ചയുള്ള പുഴത്തീരത്തേക്ക് (മണ്ണിലേക്ക്) ചാടി. അവിടെ നിന്ന് സ്ത്രീ നിന്നിരുന്ന തുരുത്തിലേക്ക് ഏതാണ്ട് രണ്ടുമീറ്റര്‍ അകലമുണ്ടായിരുന്നു. രാഹുല്‍ വെള്ളത്തില്‍ ചാടി തുരുത്തിലെത്തി. കുട്ടികളാരെങ്കിലും കൂടി വെള്ളത്തില്‍ വീണിട്ടുണ്ടാവുമെന്നാണു രാഹുല്‍ ഭയന്നത്.
തുരുത്തിലെത്തി രാഹുല്‍ മറ്റാരും അപകടത്തിലായില്ല എന്നുറപ്പിച്ചപ്പോള്‍ ഏതാണ്ട് മുട്ടിനുപൊക്കം വെള്ളത്തില്‍ തുരുത്തില്‍ നില്‍ക്കുന്ന സ്ത്രീയോട് വരൂ എന്നു പറഞ്ഞ് കൈ നീട്ടി. മുകളില്‍ നില്‍ക്കുന്ന ഭര്‍ത്താവ് (അടിമാലിയില്‍ നിന്നു വന്ന് നെയ്‌ശ്ശേരി മാരാമറ്റം എന്ന സ്ഥലത്ത് താമസിക്കുകയും നാട്ടുകാര്‍ ‘അടിമാലി ഉസ്താദ്’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുകയും ചെയ്യുന്ന സാത്വികനായ ഒരു മനുഷ്യന്‍) ഈ സമയം തനിക്കേറ്റ പരിക്കുകള്‍ വകവയ്ക്കാതെ താഴേയ്ക്കിറങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു. ഉസ്താദിനു പരിക്കേറ്റു എന്ന് ആ ഉമ്മയ്ക്ക് മനസ്സിലായിരുന്നില്ല. താന്‍ നില്‍ക്കുന്ന തുരുത്തിനും തീരത്തിനും ഇടയ്ക്ക്(ആദ്യം പറഞ്ഞ രണ്ടുമീറ്റര്‍ വീതി വരുന്ന ഭാഗത്ത്) ഏതാണ്ട് ആറടി താഴ്ചയില്‍ വെള്ളമുണ്ടെന്നും ഉമ്മയ്ക്ക് മനസ്സിലായിരുന്നില്ല.’സാരമില്ല, ഇക്ക വന്നു പിടിച്ചോളും’ എന്ന് ഉമ്മ പറയുന്നു.
ഇതുകേട്ട് രാഹുല്‍ ‘സാരമില്ല, എനിക്ക് ഉമ്മയുടെ മകന്റെ പ്രായമല്ലേയുള്ളു, എന്റെ കയ്യില്‍ പിടിക്കൂ’ എന്നുപറഞ്ഞ് കൈ പിടിച്ച് ഉമ്മയെ തീരത്തെത്തിച്ചു. ‘ഞങ്ങള്‍ ബൈക്കില്‍ത്തന്നെ ആശുപത്രിയില്‍ പൊയ്‌ക്കോളാം’ എന്ന് ഉസ്താദ് പറഞ്ഞെങ്കിലും സമീപവാസികള്‍ ‘അതു വേണ്ട’ എന്നു പറഞ്ഞ് അടുത്തുള്ള ഒരു ഓട്ടോറിക്ഷ വിളിച്ച് അവരെ കരിമണ്ണൂര്‍ ആശുപത്രിയിലേക്കു വിട്ടു ഉസ്താദിന്റെ കാല്‍പാദത്തിനു പരിക്കുണ്ട്. ഉമ്മയുടെ ചുണ്ടിനും അല്‍പ്പം മുറിവേറ്റിട്ടിണ്ട്.
രാഹുല്‍ ജൂലായ് ആദ്യം നാല്‍പ്പതു ദിവസത്തെ അവധിക്ക് പൂനെയില്‍ നിന്ന് നാട്ടിലെത്തിയതാണു. ഓഗസ്റ്റ് 10നു പൂനെയില്‍ ഡ്യൂട്ടിക്ക് ചേരണം. (ഇന്ന് ചേര്‍ന്നു കാണണം). 7 ഓഗസ്റ്റ് ഞായറാഴ്ച്ച രാത്രി 11.30നു എറണാകുളത്തുനിന്ന് പൂനെയിലേക്ക് പുറപ്പെടുന്ന റ്റ്രെയിനിനു തിരിച്ചുപോകാന്‍ എടുത്ത റ്റിക്കറ്റ് പോക്കറ്റില്‍ കിടന്ന് നനഞ്ഞുപോയി. അത് ക്യാന്‍സല്‍ ചെയ്ത് ഒരു ദിവസത്തേക്ക് യാത്ര മാറ്റിവച്ച് വീണ്ടും ബുക്ക് ചെയ്താണു തിങ്കളാഴ്ച്ച രാത്രി 11.30ന്റെ റ്റ്രെയിനിനു രാഹുല്‍ പോയത്.
രാഹുലിന്റെ അച്ഛന്‍ രാമചന്ദ്രന്‍ നായര്‍. ഇലക്റ്റ്രിഷ്യനായും പ്ലമ്പറായും ജോലി ചെയ്യുന്നു. അമ്മ അംബിക.രാഹുലിനു വയസ്സ് 24. കോരുത്തോട് സ്‌കൂളിലെ കായികാധ്യാപകന്‍ തോമസ് മാഷിന്റെ വല്‍സ്ലശിഷ്യനായിരുന്നു. സഹൊദരങ്ങള്‍ അഞ്ചിത, അംഗിത. ട്വിന്‍സ്. രണ്ടു മിടുക്കി സുന്ദരിക്കുട്ടികള്‍. ഒരാള്‍ തൊടുപുഴ ഐ.എച്.ആര്‍ ഡിയിലും മറ്റൊരാള്‍ തൊടുപുഴ കൊ ഓപറേറ്റിവ് കോളജിലും പഠിക്കുന്നു. മക്കള്‍ക്ക് ജാതിവാല്‍ ചേര്‍ക്കുന്നത് ഇന്നത്തെ കാലത്ത് അനാവശ്യമാണെന്ന് മാതാപിതാക്കള്‍ക്ക് തോന്നുന്നതുകൊണ്ട് പേരുകള്‍ രാഹുല്‍ രാമചന്ദ്രന്‍, അഞ്ചിത രാമചന്ദ്രന്‍, അംഗിത രാമചന്ദ്രന്‍ എന്നുമാത്രം.
രാഹുലിന്റെ വീട്ടില്‍ ബന്ധപ്പെട്ട് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളും ഫോട്ടോ ആവശ്യപ്പെട്ടെങ്കിലും കൊടുക്കരുത് എന്നു രാഹുല്‍ കര്‍ശ്ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അടിമാലി ഉസ്താദിന്റെ വീട്ടില്‍ ഞങ്ങള്‍ക്കു ലഭിച്ചത് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടുക്കുന്ന സ്വീകരണം. പരിക്കേറ്റ കാല്‍പ്പാദം ഡ്രെസ് ചെയ്തിട്ടുണ്ട്. വാതിലിനു പുറകില്‍ നിന്ന് ‘ഉമ്മ കട്ടന്‍ ചായയില്‍ പഞ്ചസാര ആകാമോ?’ എന്നുചോദിക്കുന്നു. ഉസ്താദിനേയും പല മാധ്യമങ്ങളും സമീപിച്ച് ‘നമുക്കു നിഷേധിച്ച് പ്രസ്ഥാവന ഇറക്കണം’ എന്നു നിര്‍ബന്ധിക്കുന്നു. ഉസ്താദ് എന്തെങ്കിലും വിധത്തിലുള്ള പ്രസ്ഥാവന കൊടുക്കാന്‍ വിസമ്മതിക്കുന്നു. ‘എന്റ് കാല്‍ സുഖപ്പെടുന്നതിനു മുന്‍പ് ആ കുട്ടി പോയല്ലോ, എനിക്ക് അവനെക്കണ്ട് ഒന്നു നന്നി പറയാനായില്ലല്ലോ’ എന്ന് ഉസ്താദ് സങ്കടപ്പെടുന്നു. ‘ദൈവം എല്ലാനുഷ്യന്റേയും മനസ്സിനുള്ളിലല്ലേ, അവനെ ദൈവം അനുഗ്രഹിക്കട്ടെ’ എന്നു പ്രാര്‍ത്ഥിക്കുന്നു. (ഞങ്ങള്‍ രാഹുലിന്റെ വീടിന്റെ മുന്വാതിലിനുമുകളിലുള്ള ശിവ പാര്‍വ്വതിമാരുടെ ചിത്രം മനസ്സിലോര്‍ക്കുന്നു.) ചിത്രങ്ങള്‍ താഴെ. ഉസ്താദിന്റെ ചിത്രങ്ങളെടുക്കേണ്ടത് ആവശ്യമാണെന്നു ഞങ്ങള്‍ക്കുതോന്നിയില്ല.
Edited and added this morning (Thursday, 11 August 2016)
രാഹുല്‍ രാമചന്ദ്രനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് തന്നെ വിളിക്കാന്‍ ഇന്നലേ ഞങ്ങള്‍ ശ്രമിച്ചിരുന്നു. സ്വിച്ച്ഡ് ഓഫ് ആയിരുന്നതു കൊണ്ട് സാദ്ധിച്ചില്ല. ഇന്ന് കോളജിലേക്ക് പോരുന്ന വഴി അദ്ദേഹം എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നത് ആര്‍മ്മി സിഗ്‌നല്‍സിന്റെ പോളിസികള്‍ക്ക് വിരുദ്ധമായേക്കും എന്ന് ആശങ്ക പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റേയും വീടിന്റേയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റുന്നു.
ഷെയര്‍ ചെയ്ത സുഹ്രുത്തുക്കള്‍കൂടി ഇക്കാര്യം ശ്രദ്ധിക്കുക: