ടോമിന്‍ തച്ചങ്കരിയുടെ പിറന്നാളാഘോഷം വിവാദത്തില്‍; അന്വേഷണത്തിന് ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി; പിറന്നാള്‍ ആഘോഷിക്കാന്‍ ടോമിന്‍ തച്ചങ്കരി ആര്‍ടി ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു

കൊച്ചി: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷം ഔദ്യോഗിക ചടങ്ങാക്കിയതാണ് വിവാദമായത്. അന്നേദിവസം ആര്‍ടി ഓഫീസുകളില്‍ മധുരം വിതരണം ചെയ്യണമെന്ന് ടോമിന്‍ തച്ചങ്കരി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുള്ള ചിലവ് അദേഹം വഹിക്കുമെന്ന് അറിയിച്ചതായും ആര്‍ടിഒമാര്‍ പറയുന്നു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവിനും, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടും ഗതാഗതമന്ത്രിയും ടോമിന്‍ തച്ചങ്കരിയും അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഈ സംഭവത്തോടെ അത് മൂര്‍ച്ഛിച്ചതായാണ് വിവരം. തന്റെ പിറന്നാള്‍ ദിനത്തില്‍ മധുരം വിതരണം ചെയ്യണമെന്ന തച്ചങ്കരിയുടെ നിര്‍ദേശം ചൊവ്വാഴ്ചയാണ് ആര്‍ടി ഓഫിസുകളിലെത്തിയത്. താന്‍ കമ്മീഷണറായി സ്ഥാനമേറ്റതിന് 11 മാസം തികയുന്നതും പിറന്നാളും ആഗസ്റ്റ് പത്തിനായത് യാദൃശ്ചികമായെന്നും ഈ മെയില്‍ സന്ദേശത്തില്‍ തച്ചങ്കരി അറിയിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ വരുന്നവര്‍ക്ക് മധുരം നല്‍കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. മുകളില്‍ നിന്നുളള ഉത്തരവായത് കൊണ്ട് ആര്‍ടി ഓഫിസുകളിലെല്ലാം മധുരം വിതരണം ചെയ്യുകയും ചെയ്തു. ഇതാണ് വിവാദത്തിലായത്.

© 2024 Live Kerala News. All Rights Reserved.