ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ കാറു തടഞ്ഞുനിര്‍ത്തി യുവതിയെയും മകളെയും കൂട്ടമാനഭംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയിലായതോടെ അറസ്റ്റിലാവുന്നവരുടെ എണ്ണം ആറായി. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സലീം ബവാരിയയെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ രാജസ്ഥാനിലെ ഒരു ഗുണ്ടാസംഘത്തിന്റെ തലവനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മീററ്റില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നതിനു തൊട്ടടുത്ത ദിവസം തന്നെ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. അവശേഷിക്കുന്ന മൂന്ന പേരെ കിഴക്കന്‍ മേഖലകളില്‍ നിന്ന് പിടികൂടിയെന്നും യു.പി. ഡി.ജി.പി ജാവീദ് അഹമ്മദ് അറിയിച്ചു. ജൂലായ് 31നാണ് നോയിഡ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ ഹൈവേയില്‍ തടഞ്ഞുനിര്‍ത്തി അക്രമികള്‍ അമ്മയേയും പതിനാലുകാരിയായ മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയത്. കാറിലെ പുരുഷനെ കെട്ടിയിട്ട ശേഷമായിരുന്നു ഈ ക്രൂരത. യാത്രക്കാരെ കൊള്ളയിച്ച ശേഷം മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചതാണ് ഈ സംഭവം. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ പോലീസിന്റെ ഹെല്‍പ്പ് നമ്പറില്‍ വിളിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതും പ്രതികള്‍ വലയിലാവുന്നതും.