ഗുവാഹട്ടി: അസമിലെ കൊക്രാജാറിലെ പട്ടണത്തിലെ മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ 13പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പട്ടാളവേഷത്തിലെത്തിയ ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം. കൊല്ലപ്പെട്ട 12 പേരും പ്രദേശവാസികളാണ്. 15 പേര്‍ക്കു പരുക്കേറ്റു. കൂടുതല്‍ സൈനികരെ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ എന്ന സ്വയംഭരണ പ്രദേശത്താണ് ആക്രമണം നടന്നത്. മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി അസം ഡിജിപി മുകേഷ് സഹായ് അറിയിച്ചു. നിരോധിക്കപ്പെട്ട സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ അംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായും ഡിജിപി കൂട്ടിച്ചേര്‍ത്തു.
കൊക്രജാര്‍ നഗരത്തില്‍നിന്ന് മൂന്ന് നാലു കിലോമീറ്റര്‍ അകലെയാണ് തിരക്കുള്ള ഈ മാര്‍ക്കറ്റ്. ഭീകരര്‍ കൊക്രജാര്‍ കേന്ദ്രീകരിച്ച് ആക്രമണത്തിനു പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, ഭീകരാക്രമണത്തെക്കുറിച്ചുള്ള സ്ഥിതിഗതികള്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു.