ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗ വീഡിയോകള്‍ വില്‍പ്പന നടത്തുന്നതായി റിപ്പോര്‍ട്ട്. വില 50 മുതല്‍ 150 രൂപ വരെ. പൊലീസ്, ഭരണകൂട ആസ്ഥാനങ്ങളുടെ സമീപപ്രദേശങ്ങളില്‍ വരെ കച്ചവടം തകൃതിയായി നടക്കുന്നു.ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടത്. യഥാര്‍ത്ഥ രംഗങ്ങള്‍ കാണാനാണ് ആളുകള്‍ക്ക് താല്‍പര്യം പ്രകടിപ്പിക്കുന്നതെന്ന് ആഗ്രയിലെ ഒരു വീഡിയോ കച്ചവടക്കാരന്‍ പറയുന്നു. വിശ്വസ്തരോടൊപ്പം എത്തുന്നവര്‍ക്കുമാത്രമേ ഇവര്‍ ക്ലിപ്പുകള്‍ നല്‍കാറുള്ളൂ. സ്മാര്‍ട്ട് ഫോണിലും പെന്‍ഡ്രൈവിലുമാക്കിയാണ് വീഡിയോ നല്‍കാറ്.
ബലാത്സംഗ കേസുകളിലെ കുറ്റവാളികളില്‍ ഒട്ടുമിക്കവരും ബലാത്സംഗ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താറുണ്ടെന്ന് ആഗ്ര സിറ്റി എസ്പി ഖുലെ സുശീല്‍ ചന്ദ്രഭാന്‍ പറയുന്നു. വീഡിയോ കാണിച്ച് സംഭവം പുറത്തുപറയരുതെന്ന് ഇരയെ ഭീഷണിപ്പെടുത്തുന്നു. താജ്ഗഞ്ച്, സദാര്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയപ്പോള്‍ വീഡിയോകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.