കേന്ദ്രമന്ത്രി വികെ സിംഗ് സൗദിയിലെ ലേബര്‍ ക്യാമ്പുകളില്‍; ഇഖാമ സംബന്ധിച്ച് സൗദി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തും; ശമ്പളകുടിശ്ശികയും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് തൊഴിലാളികള്‍

റിയാദ്: മാസങ്ങളായി ശമ്പളം നിഷേധിക്കപ്പെട്ട് തൊഴില്‍രഹിതരായി കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം തേടിയാണ് വിദേശകാര്യസഹമന്ത്രി വികെ സിംഗ് സൗദിയില്‍ എത്തിയത്.തൊഴിലാളികള്‍ക്ക് ഇഖാമ(ഔട്ട്പാസ)് ലഭ്യമാക്കുന്നത് സംബന്ധിച്ച് സൗദി അധികൃതരുമായി വികെ സിംഗ് ചര്‍ച്ച നടത്തും. ശമ്പളകുടിശികയും മറ്റ് ആനൂകൂല്യങ്ങളും ലഭ്യമാക്കാതെ നാട്ടിലേക്ക് അയക്കാനാണ് ഇന്ത്യ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് ജിദ്ദയിലെ തൊഴിലാളികളുടെ പരാതി. തങ്ങളെ വിമാനം കയറ്റി നാട്ടിലേക്ക് വിട്ടാല്‍ പോരെന്നും ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും മലയാളി തൊഴിലാളികള്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി കമ്പനിയില്‍ ജോലിനോക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് റിയാല്‍ ശമ്പള ഇനത്തിലും മറ്റും ലഭിക്കാനുണ്ട്. അത് എപ്പോള്‍ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. ഏഴ് മാസത്തോളമായി ശമ്പളം കിട്ടാതെ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ലഭിച്ചിട്ട് ഒരു മാസക്കാലമായെന്നും ഇവര്‍ പ്രതികരിച്ചു. സൗദി ഓജര്‍ കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികളായിരുന്നു മാസങ്ങളായി ശമ്പളം ലഭിക്കാതെ വലഞ്ഞത്. കമ്പനി പൂട്ടിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ വഴിയാധാരമായത്. ഒരാഴ്ച മുമ്പ് കമ്പനി മെസ് കൂടി അടച്ചുപൂട്ടിയതോടെയാണ് പ്രശ്നം വഷളായത്. സന്നദ്ധസംഘടനകളും കോണ്‍സുലേറ്റും സഹകരിച്ച് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്. പക്ഷേ, അത് പരിമിതമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രമന്ത്രി ഇടപെട്ടാല്‍ തങ്ങളുടെ ശമ്പളകുടിശ്ശികയെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസി തൊഴിലാളികള്‍.