കരിപ്പൂരിലെ നഷ്ടം നെടുമ്പാശേരിയ്ക്ക് നേട്ടമാകുന്നു..

കൊച്ചി: കരിപ്പൂര്‍ വിമാനത്തവാളത്തില്‍ റണ്‍വേ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ വരുമാനത്തില്‍ വന്‍ വര്‍ദ്ധന. 60,000 അധികം അന്താരാഷ്ട്രയാത്രക്കാരാണ് ഈ മാസം മാത്രം കൊച്ചി വഴി കടന്നു പോയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഗള്‍ഫ് മേഖലയിലേക്ക് സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ,സൗദി എയര്‍ലൈ ന്‍ സ്,എത്തിഹാദ്,എമിറേറ്റ്‌സ് എന്നീ 4 പ്രമുഖ കമ്പനികള്‍ കൊച്ചിയിലേക്ക് പ്രവര്‍ത്തനം മാറ്റി.നിലവിലെ 533 സര്‍വ്വീസുകള്‍ക്ക് പുറമെ 59 അധിക വിമാനങ്ങളാണ് ഇതോടെ കൊച്ചിയില്‍ നിന്ന് പറന്നുയരുന്നത്. അവധിക്കാലം കൂടി ആയതിനാല്‍ വിദേശത്തേക്കുളള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായി. പ്രതിദിനം കരിപ്പൂര്‍ വഴി പോകേണ്ട 2200 അന്താരാഷ്ട്ര യാത്രക്കാര്‍ ഈ മാസം കടന്നു പോയത് കൊച്ചി വഴി. ഇതോടെ ഈ സാമ്പത്തിക വര്‍ഷം കൊച്ചിയിലൂടെയുളള യാത്രക്കാരുടെ എണ്ണം 75 ലക്ഷം കവിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കൂടുതല്‍ വിമാനങ്ങള്‍ എത്തി തുടങ്ങിയതോടെ കാര്‍ഗോയുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയുണ്ടായി. 120.6 ടണ്ണില്‍ നിന്ന് ഒറ്റയടിക്കു കൂടിയത് 170.3 ടണ്‍ കാര്‍ഗോയാണ്. കൊച്ചി വിമാനത്താവളം 15 വയസ്സ് പിന്നിടുമ്പോള്‍ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയ്ക്ക് ഇത് സഹായകമായി. ഈ മാസം അവസാനത്തോടെ അധികവരുമാനത്തിന്റെ കൃത്യം കണക്കുകള്‍ പുറത്തുവരുമെന്ന് സിയാള്‍ അധികൃതര്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.