തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ എക്‌സിറ്റ് വിസ നല്‍കാമെന്ന് സൗദി മന്ത്രാലയം; തൊഴിലുടമകളില്‍നിന്ന് നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിലോ, ഇന്ത്യയിലെ പുനരധിവാസ വിഷയങ്ങളിലോ തീരുമാനമായില്ല

ന്യൂഡല്‍ഹി: തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ എക്‌സിറ്റ് വിസ നല്‍കാമെന്ന് സൗദി മന്ത്രാലയം. ശമ്പള കുടിശിക പ്രശ്‌നം പരിഗണിക്കാമെന്നും ഉറപ്പ് നല്‍കി. തൊഴിലുടമയുടെ എന്‍.ഒ.സി ഇല്ലാതെ എക്‌സിറ്റ് വിസ നല്‍കുന്ന രീതി പൊതുവെ സൗദിയില്‍ ഇല്ല. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇളവു നല്‍കാമെന്ന് സൗദി ഭരണകൂടം വാഗ്ദാനം ചെയ്തതായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ സൂചിപ്പിച്ചു. തൊഴില്‍ നഷ്ടപ്പെട്ടവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് വ്യോമയാന മന്ത്രാലയവുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി.
ജോലി നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ക്യാംപുകളില്‍ എഴുനൂറോളം മലയാളികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തി.
ദുരിതത്തിലായ തൊഴിലാളികളുടെ വിവരശേഖരണം ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും ആരംഭിച്ചു. ഇഖാമ (താമസാനുമതി), പാസ്‌പോര്‍ട്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ശമ്പള കുടിശികയുടെ വിശദാംശങ്ങള്‍ എന്നിവയാണു ശേഖരിക്കുന്നത്. ഒട്ടേറെപ്പേരുടെ ഇഖാമ കാലാവധി അവസാനിച്ചു കഴിഞ്ഞു. പലരുടെയും പാസ്‌പോര്‍ട്ട് കമ്പനിയുടെ കൈവശമാണ്. പാസ്‌പോര്‍ട്ട് കൈവശമുള്ളവരെയാകും ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക. അതേസമയം സൗദിയിലെ തൊഴിലുടമകളില്‍നിന്ന് നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിലോ, ഇന്ത്യയിലെ പുനരധിവാസ വിഷയങ്ങളിലോ ഇതുവരെയും തീരുമാനമൊന്നുമായിട്ടില്ല. ഗള്‍ഫിലെ മാന്ദ്യം 10,000ഓളം പേരെ ബാധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചു. റിയാദില്‍ 3,172 പേര്‍ക്ക് മാസങ്ങളായി ശമ്പളം കിട്ടുന്നില്ല. സൗദി ഓജര്‍ കമ്പനിയിലെ 2,450 തൊഴിലാളികള്‍ ജിദ്ദയിലും മക്കയിലും മറ്റുമായി അഞ്ചു ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് ജൂലൈ 25 മുതല്‍ ഭക്ഷണം തന്നെ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് അവിടത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടുത്ത 10 ദിവസത്തേക്ക് കഴിയാനുള്ള ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനധിവാസംതന്നെയാണ് സര്‍ക്കാറിന്റെ മുന്നിലെ പ്രധാന വെല്ലുവിളി.

© 2024 Live Kerala News. All Rights Reserved.