തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ പ്രകപോനപരമായ പ്രസംഗത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ഡിജിപിക്ക് ലോക്‌നാഥ് ബഹ്‌റയ്ക്ക് കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് എജിയും മുതിര്‍ന്ന അഭിഭാഷകരും നിയമോപദേശം നല്‍കി. സമാനമായ സുപ്രീംകോടതി വിധികളും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പരിശോധിച്ചിരുന്നു. ഇതിനൊക്കെ ശേഷമാണു കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. ആക്രമിക്കാന്‍ വരുന്നവരോടു കണക്കുതീര്‍ക്കണമെന്നുള്ള തരത്തിലുള്ള കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളാണ് വിവാദമായത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സിപിഎം നടത്തിയ ബഹുജന കൂട്ടായ്മയില്‍ സംസാരിക്കവേയാണ് കോടിയേരിയുടെ വിവാദപരാമര്‍ശം. വിവാദ പ്രസംഗത്തില്‍ കോടിയേരിക്കെതിരെ നടപടി ആവശ്യപ്പെട്ടു ബിജെപി നേതാക്കള്‍ ഡിജിപിക്കു നേരിട്ടു പരാതി നല്‍കിയിരുന്നു. അക്രമം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഡിജിപി നിയമോപദേശം തേടിയത്.