കല്‍പറ്റ: പുല്‍പ്പള്ളി നെയ്ക്കുപ്പ വനാതിര്‍ത്തിയിലെ കാപ്പിക്കുന്നില്‍ കാട്ടാനയെ വെടിവെച്ചു കൊന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാപ്പിക്കുന്ന് ചെറുവള്ളി വിജയന്‍(48), അരിയക്കോട് പ്രദീപ് (34), ബന്ധു അരിയക്കോട് ബാലഗോപാലന്‍ (49), മുണ്ടക്കുറ്റി എം.ടി.മണി ( 38) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്ക്, വെടിയുണ്ടകള്‍, ഈയക്കട്ടകള്‍, കമ്പി, ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തു. സ്ഥിരമായി വേട്ട നടത്തുന്ന സംഘമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടിറച്ചി ഓട്ടോയില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കുന്നത് ഈ സംഘമാണ്. 25 ന് രാത്രി വേട്ടയ്ക്കിറങ്ങിയ സംഘത്തിന് പിടിയാന മാര്‍ഗതടസമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് വെടിവെച്ചുകൊന്നത്. പ്രതികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷയും പിടികൂടി. 26 ന് പകലാണ് കാപ്പിക്കുന്നില്‍ റിട്ട.അധ്യാപകന്റെ പുരയിടത്തില്‍ പിടിയാനയെ വെടിയേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 13 വയസ് പ്രായം വരുന്ന പിടിയാനയെയാണ് പ്രതികള്‍ വെടിവെച്ചുകൊന്നത്. ഇന്നലെ മണിയുടെ വീട്ടില്‍ നിന്നാണ് വേട്ടയ്ക്കുപയോഗിച്ച പഴയ നാടന്‍തോക്ക് കണ്ടെടുത്തത്. മണി നേരത്തെയും ഒരു കേസില്‍ പ്രതിയാണ്. അതേസമയം രണ്ട് മാസം മുമ്പ് കുറിച്യാട് നാലാംമൈയില്‍ ഭാഗത്ത് കാട്ടുകൊമ്പനെ വെടിവെച്ച് കൊന്നവരെ ഇതുവരെ പിടികൂടാനായിട്ടില്ല.