കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൊല്ലം സെഷന്‍സ് കോടതി വളപ്പിലും തടഞ്ഞു. വിധി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കില്ലെന്നാണ് ഇവിടെയും അഭിഭാഷകര്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ കോടതിവളപ്പിനകത്തു പ്രവേശിച്ചാല്‍ തടയുമെന്നു അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചു. പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ ജോയിയെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണു ആട് ആന്റണി കുറ്റക്കാരനാണെന്നു പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം കേട്ടശേഷമാണു കോടതി ഇന്നു വിധി പ്രഖ്യാപിക്കുന്നത്. അതേസമയം, അഭിഭാഷകരുടെ നിലപാടിനെത്തുടര്‍ന്നു കോടതിപരിസരത്തു വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിവളപ്പിലും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകര്‍ വീണ്ടും മാധ്യമപ്രവര്‍ത്തകരെ വിലക്കിയത്. ഗവ. പ്ലീഡര്‍. ധനേഷ് മാഞ്ഞൂരാന്‍ സ്ത്രീയെ പീഡിപ്പിച്ച സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് അഭിഭാഷകരെ പ്രകോപിതരാക്കിയത്.