യുവതിയെ പീഡിപ്പിച്ച കേസ് റദ്ധാക്കണമെന്നുള്ള ഗവ.പ്ലീഡറുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും; അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിക്കും; ഗുണ്ടാ മോഡല്‍ ആക്രമണം നടത്തിയ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തില്ല

കൊച്ചി: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു. ഹര്‍ജിയില്‍ കോടതി പോലീസിന്റെ വിശദീകരണം തേടിയിട്ടുണ്ട്. രണ്ട് ദിവസമായി കോടതി പരിസരത്ത് അഭിഭാഷകരുടെ അഴിഞ്ഞാട്ടമായിരുന്നു. ഇന്നലെ മാധ്യസമപ്രവര്‍ത്തകരെ അഭിഭാഷകര്‍ സംഘം ചേര്‍ന്ന് ഹൈക്കോടതി വളപ്പില്‍ ആക്രമിച്ചിരുന്നു. ഇതിനിടെ പൊലീസ് ലാത്തിവീശിയതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകര്‍ ഇന്ന് ഹൈക്കോടതി ബഹിഷ്‌ക്കരിക്കുന്നത്. മാധ്യപ്രവര്‍ത്തകരെ ഹൈക്കോടതിക്ക് മുന്‍മ്പില്‍ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറാവാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫ് ര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില മുതിര്‍ന്ന അഭിഭാഷകരുടെ ഇടപെടലാണ് പൊലീസിന്റെ അനാസ്ഥക്ക് കാരണം.. ഇന്നലെ കൊച്ചിയില്‍ എത്തിയ ഡിജിപിയോട് സഹായിക്കണമെന്ന് അഡ്വ എംകെ ദാമോദരനോടോപ്പം എത്തിയ അഭിഭാഷകരുടെ സംഘം ആവശ്യപ്പെട്ടു. ഇതിനുശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ആക്രമിച്ചത്. വനിതാ മധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അഭിഭാഷകര്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. സര്‍ക്കാര്‍ പ്ലീഡര്‍ക്ക് എതിരായ സ്ത്രീ പീഡന വാര്‍ത്ത നല്‍കിയതിനാണ് അഭിഭാഷകര്‍ ഹൈക്കോടതി പരിസരത്ത് ആക്രമണം അഴിച്ചുവിട്ടത്. ഹൈക്കോടതിയിലെ മീഡിയാ റൂം അഭിഭാഷകര്‍ പൂട്ടി. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, ക്യാമറാമാന്‍ രാജേഷ് തകഴി, മീഡിയവണ്‍ ക്യാമറാമാന്‍ മോനിഷ് മോഹന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. മീഡിയാവണ്‍ സംഘത്തിന്റെ ക്യാമറയ തല്ലിത്തകര്‍ത്ത് അഭിഭാഷകര്‍ ഡിഎസ്എന്‍ജി എഞ്ചിനീയര്‍ ബാസില്‍ ഹുസൈനേയും ക്രൂരമായി മര്‍ദ്ദിച്ചു. കൊച്ചിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ കഴിഞ്ഞയാഴ്ച നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ധനേഷ് മാത്യു കയറിപ്പിടിച്ചെന്നാണ് കേസ്.

© 2024 Live Kerala News. All Rights Reserved.