മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; എറണാകുളം ജില്ലാ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; മാധ്യമങ്ങളെ തടഞ്ഞത് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെയുള്‍പ്പെടെയുള്ള വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ എറണാകുളം ജില്ലാ കോടതിയിലും തടഞ്ഞു. അര്‍ഷിദ് ഖുറൈഷി കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ തടഞ്ഞത്. മാധ്യമ സാന്നിധ്യം പ്രശ്‌നമാകുമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണു തടയുന്നതെന്ന് പൊലീസ് പറഞ്ഞു. പൊതുസ്ഥലത്തുവച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെക്കുറിച്ച് വാര്‍ത്ത നല്‍കിയതിനെതിരെ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന ഒരു സമിതി രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഇടപെട്ടെങ്കിലും അഭിഭാഷകര്‍ ഗുണ്ടായിസം തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.