പാരീസ്: തുടരെത്തുടരെയുള്ള ആക്രമണങ്ങള്‍ ഫ്രാന്‍സിലെ ജീവിതത്തെ ഭയാശങ്കകളില്‍ തളച്ചിടുന്നു. ഫ്രാന്‍സിലെ വടക്കന്‍ നോര്‍മാന്‍ഡി മേഖലയില്‍ പള്ളിയില്‍ വിശ്വാസികളെ രണ്ട് അക്രമികള്‍ ബന്ദികളാക്കിയശേഷം വധിച്ച വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെയാണ് അക്രമികളുടെ ബന്ദിനാടകം. ഒരു വൈദികനും രണ്ട് സന്യാസിനികളും രണ്ട് വിശ്വാസികളുമാണ് ബന്ദികളാക്കപ്പെട്ടതെന്ന് ബി.എഫ്.എം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടത് വൈദികനാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടലിനിടെയാണ് മരണമെന്നും കരുതുന്നു. എന്നാല്‍ അക്രമികള്‍ പുരോഹിതനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നും സൂചനയുണ്ട്. സെന്റ് എറ്റിനീ ഡ്യു റൂവ്‌റെ പള്ളിയിലാണ് ചൊവ്വാഴ്ച അക്രമികള്‍ കടന്നുകയറിയത്. പോലീസ് ഉടന്‍ തന്നെ പള്ളിയിലേക്കുള്ള എല്ലാ റോഡുകളും തടഞ്ഞ് സുരക്ഷ ഒരുക്കിയിരുന്നു. ഫ്രാന്‍സിലെ നീസില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ 89 പേരാണ് കൊല്ലപ്പെട്ടത്. ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ സ്വഭാവം നോക്കുമ്പോള്‍ ഇസ്ലാമിക ഭീകരാരാവാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിവരം.