29 പേരുമായി കാണാതായ വിമാനത്തിനായി ബംഗാള്‍ ഉള്‍ക്കടലിനടിയിലും പരിശോധന; വിമാനത്തിന്റെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഇതുവരെയും ലഭ്യമായില്ല

ചെന്നൈ: 29 പേരുമായി ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാണാതായ എഎന്‍ 32 വ്യോമസേനാ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ കടലിനടിയിലേക്കും പരിശോധന വ്യാപിപ്പിക്കുന്നു. ജലോപരിതലത്തില്‍ ഇതുവരെ നടത്തിയ അന്വേഷണം വിഫലമായ സാഹചര്യത്തിലാണിതെന്ന് തീരസംരക്ഷണ സേന കിഴക്കന്‍ മേഖലാ കമാന്‍ഡര്‍ ഐജി രാജന്‍ ബര്‍ഗ്രോത്ര പറഞ്ഞു. ചില ലോഹഭാഗങ്ങളും യന്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നെങ്കിലും ഇതു കാണാതായ വിമാനത്തിന്റേതല്ലെന്നു സ്ഥിരീകരിച്ചുവെന്നും അറിയിച്ചു.

വിമാനത്തിന്റെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററില്‍ (ഇഎല്‍ടി) നിന്നുള്ള സന്ദേശങ്ങള്‍ ഇതുവരെ ലഭിക്കാത്തതാണ് രക്ഷാപ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. സാധാരണ അപകടമുണ്ടാകുമ്പോള്‍ ഇഎല്‍ടി പ്രവര്‍ത്തിക്കുകയും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യും. വിമാനം എവിടെയാണെന്ന് കണ്ടെത്താന്‍ ഇവ സഹായിക്കും. കഴിഞ്ഞ കൊല്ലം അപകടത്തില്‍പ്പെട്ട തീരസംരക്ഷണ സേനയുടെ ഡോര്‍ണിയര്‍ വിമാനത്തിന്റെയും ഇഎല്‍ടി പ്രവര്‍ത്തിച്ചിരുന്നില്ല. അന്നു 33 ദിവസത്തിനു ശേഷമാണ് അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത്. അപകടസമയത്ത് ഇഎല്‍ടി പ്രവര്‍ത്തിക്കാത്തത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നു ബര്‍ഗ്രോത്ര പറഞ്ഞു. കടലില്‍ രണ്ടുലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ആകാശമാര്‍ഗവും 26,000 ചതുരശ്ര കിലോമീറ്ററില്‍ കപ്പല്‍ മാര്‍ഗവുമാണു തിരയുന്നത്.

© 2024 Live Kerala News. All Rights Reserved.