കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന; ചെന്നൈയ്ക്ക് 150 നോട്ടിക്കല്‍ മൈല്‍ ദൂരെ ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തിയതായി വിവരം

ചെന്നൈ: കാണാതായ വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തിയതായി സൂചന. ചെന്നൈ തീരത്ത് നിന്ന് 150 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശികളായ രണ്ടുപേരും വിമാനത്തിലുണ്ടായിരുന്നു. കക്കോടി, മക്കട കോട്ടുപാടം ചെറിയാമ്പറത്ത് വാസുനായരുടെ മകന്‍ വിമല്‍, കാക്കൂര്‍ പാഞ്ചോറ രാജന്റെ മകന്‍ സജീവ് കുമാര്‍ എന്നിവരാണ് വിമാനത്തിലുള്ളത്.
വ്യോമസേന വിമാനത്തില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാതിരുന്നതോടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും നാവിക സേനയും വ്യാപക തെരച്ചില്‍ ആരംഭിച്ചത്. നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും 12 കപ്പലുകളാണ് നിലവില്‍ തെരച്ചില്‍ നടത്തുന്നത്. തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ ഒരു മുങ്ങിക്കപ്പലും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. സര്‍വലന്‍സ് വിമാനം കടലില്‍ വിമാനത്തിനായി ഇന്നലെ തന്നെ തെരച്ചില്‍ തുടങ്ങിയിരുന്നു. നാല് മണിക്കൂര്‍ പറക്കാനുള്ള ഇന്ധനമാണ് 32 വിമാനത്തില്‍ ഉണ്ടാവുക. ഇതിന് ശേഷം വീണ്ടും ഇന്ധനം നിറയ്‌ക്കേണ്ടിവരും. റഷ്യന്‍ നിര്‍മ്മിതമായ 100 വിമാനങ്ങള്‍ എയര്‍ഫോഴ്‌സിലുണ്ട്. 11 വ്യോമസേനാംഗങ്ങളും ആറ് വിമാന ജീവനക്കാരും രണ്ട് കരസേനാഗംങ്ങളും നാവികസേനാംഗങ്ങളുടെ കുടുംബാംഗങ്ങളായ 8 പേരുമാണ് വിമാനത്തില്‍ ഉള്ളത്. ഇന്നലെയാണു വിവിധ സേനാവിഭാഗങ്ങളിലെ 29 പേരുമായി ചെന്നൈ താംബരം വ്യോമതാവളത്തില്‍നിന്ന് ആന്‍ഡമാനിലെ പോര്‍ട്ബ്ലയറിലേക്കു പുറപ്പെട്ട എഎന്‍32 വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായത്. വിമാനത്തിലുള്ള 29 പേരില്‍ വിമാന ജീവനക്കാരടക്കം 17 പേര്‍ വ്യോമസേനാംഗങ്ങളാണ്.

© 2024 Live Kerala News. All Rights Reserved.