കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സലിംരാജിനെ ഒഴിവാക്കിയ സിബിഐ നടപടിയ്‌ക്കെതിരെ കോടതി; എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്തശേഷം പ്രതിയെ ഒഴിവാക്കിയതെന്തിനെന്ന് വ്യക്തമാക്കണമെന്ന് സിബിഐയോട് കോടതി; കുറ്റപത്രം തിരിച്ചയച്ചു

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സിബിഐ നടപടിക്കെതിരെ തിരുവനന്തപുരം സിജെഎം കോടതി രംഗത്ത്. ഇതുസംബന്ധിച്ചുള്ള കുറ്റപത്രം സിജെഎം കോടതി തിരിച്ചയച്ചു. സലിംരാജ് ഉള്‍പ്പെടെ 22 പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു സിബിഐ കാരണം വ്യക്തമാക്കിയിട്ടില്ലെന്നു കോടതി വ്യക്തമാക്കി. കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേര്‍ പ്രതികളായിരുന്നു. പിന്നീടാണിവരെ സിബിഐ ഒഴിവാക്കിയത്. 2005ല്‍ നടന്ന ഭൂമി ഇടപാടിലെ ക്രമക്കേടു സംബന്ധിച്ച സിബിഐ കുറ്റപത്രത്തില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ അടക്കം അഞ്ചുപേരാണു പ്രതികള്‍. കടകംപള്ളി മുന്‍ വില്ലേജ് ഓഫിസറും ഇപ്പോഴത്തെ ഡപ്യൂട്ടി തഹസില്‍ദാറുമായ വിദ്യോദയകുമാര്‍, വര്‍ക്കല സ്വദേശി നിസ്സാര്‍ അഹമ്മദ്, സുഹറ ബീവി, മുഹമ്മദ് കാസിന്‍, റുക്കിയ ബീവി എന്നിവരെയാണു പ്രതിയാക്കിയത്. സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അടുത്തിടെയാണ് അനുമതി നല്‍കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു സിബിഐ കേസ് ഏറ്റെടുത്തത്.

© 2024 Live Kerala News. All Rights Reserved.