ഇന്ത്യന്‍ ഗുസ്തിതാരം നര്‍സിങ് യാദവിന്റെ റിയോ ഒളിംപിക്‌സ് സാധ്യത മങ്ങുന്നു; ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു; ഭക്ഷണത്തില്‍ കൃത്രിമം നല്‍കി കുടുക്കിയതാണെന്ന് നര്‍സിങ്

ന്യൂഡല്‍ഹി: ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തിതാരം നര്‍സിങ് യാദവിനു റിയോ ഒളിംപിക്‌സില്‍ അയോഗ്യതയെന്ന് സൂചന. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യുടെ പരിശോധനയില്‍ നര്‍സിങ്ങിന്റെ എ സാംപിളും ബി സാംപിളും പോസിറ്റീവെന്നു കണ്ടെത്തി. 74 കിലോഗ്രാം വിഭാഗത്തിലാണ് നര്‍സിങ് യാദവ് ഒളിംപിക്‌സ് യോഗ്യത നേടിയിരുന്നത്. ഭക്ഷണത്തില്‍ കൃത്രിമം നല്‍കി കുടുക്കിയതാണെന്ന് നര്‍സിങ് പറഞ്ഞു.

ഈ മാസം അഞ്ചിനു നാഡ നര്‍സിങ്ങിന്റെ രക്ത സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ എ സാംപിള്‍ പോസിറ്റീവാണെന്നു കണ്ടെത്തി. തുടര്‍ന്നു ബി സാംപിള്‍ പരിശോധിച്ചു. ഇതും പോസിറ്റീവെന്നു കണ്ടെത്തിയതോടെയാണു നര്‍സിങ്ങിനെതിരെ നടപടി ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.അതേസമയം, അച്ചടക്കസമിതിക്കു മുന്നില്‍ നര്‍സിങ് യാദവ് ഹാജരായെന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു. 2015 ലെ ലോകചാംപ്യന്‍ഷില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ് നര്‍സിങ് ഒളിംപിക്‌സിനു യോഗ്യത നേടിയത്. കഴിഞ്ഞ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ സുശീല്‍ കുമാറിനു പകരമാണു നര്‍സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.