ഹൈദരാബാദില്‍ മൂന്ന് നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ചു;മൂന്ന് വിദ്യാര്‍ത്ഥികളുടെ ക്രൂരതയാണ് ഇത്

ഹൈദരാബാദ്: മുഷീറാബാദിന് സമീപത്തെ വാസിര്‍ ശ്മശാനത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് മൂന്ന് നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ ക്രൂരത ചെയ്തവര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. സംഭവത്തില്‍ മുഷീറാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ചുള്ളിക്കമ്പും വൈക്കോലും ഉപയോഗിച്ചു തീകൂട്ടിയ കുട്ടികള്‍ നായ്ക്കളെ ഒന്നിച്ചു കൂട്ടിക്കെട്ടി തീയിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നു മൂന്നു മിനിറ്റോളം വരുന്ന വിഡിയോ വ്യക്തമാക്കുന്നു. വലിച്ചെറിയുന്ന സമയത്ത് നായക്കുട്ടികള്‍ ഉറക്കെ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളിലുള്ള ആളുകളെ തിരച്ചറിയാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും എസ്‌ഐ ബി രവികുമാര്‍ പറഞ്ഞു. കഴിഞ്ഞമാസം ചെന്നൈയില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു നായയെ കെട്ടിടത്തിന്റെ മുകളില്‍നിന്നു വലിച്ചെറിഞ്ഞ സംഭവം വന്‍ വിവാദമായിരുന്നു. ഇതിനെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയും കോളേജില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.