കാസര്‍ക്കോട് നിന്ന് കാണാതായവര്‍ ഇറാനിലെത്തിയശേഷം അപ്രത്യക്ഷരായി; നാട്ടില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ പുറപ്പെട്ട സംഘം മസ്‌കറ്റിലേക്കും ദുബൈയിലേക്കും പോയി; കാണാതായ സംഘം ടെഹ്‌റാന്‍ വഴി സിറിയയിലേക്ക് കടന്നതായി സംശയം

ന്യൂഡല്‍ഹി: കാസര്‍ക്കോട് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഘത്തിലുള്ളവര്‍ ഇറാനില്‍ നിന്ന് അപ്രത്യക്ഷരായതായി അന്വേഷണ സംഘം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യ ഇറാന്റെ സഹായം തേടി. ഒമ്പതുപുരുഷന്‍മാരും നാലു സ്ത്രീകളും രണ്ടു കുട്ടികളുമാണ് സംഘത്തിലുള്ളത്. ടൂറിസ്റ്റ് വീസയിലാണ് ഇവര്‍ ഇറാനിലെത്തിയതെന്ന് സ്ഥിരീകരിച്ചു. രണ്ടു സംഘമായാണ് ഇവര്‍ ഇറാനില്‍ എത്തിയത്. നാട്ടില്‍നിന്ന് ഒരു സംഘം മസ്‌കറ്റിലേക്കും മറ്റൊരു സംഘം ദുബായിലേക്കും പോയി. അതിനു ശേഷമാണ് ഇറാനിലേക്ക് യാത്രതിരിച്ചത്. ഇറാനിലെ ടെഹ്‌റാനില്‍ നിന്നും സിറിയയിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. എന്നാല്‍, പിന്നീട് ഇവരെക്കുറിച്ചു വിവരമില്ല. ഇവിടെനിന്ന് ഇവര്‍ അഫ്ഗാനിസ്ഥാനിലെ ഖൊറാസന്‍ പ്രവിശ്യയില്‍ എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് ഏറെ സ്വാധീനമുള്ള സ്ഥലമാണ് ഇത്. കാണാതായവരില്‍ ഒരു സംഘം ഇറാഖിലും മറ്റൊരു സംഘം അഫ്ഗാനിസ്ഥാനിലും എത്തിച്ചേര്‍ന്നോ എന്നാണ് സംശയിക്കുന്നത്. വീട്ടുകാരുമായി ബന്ധപ്പെട്ടവര്‍ അഫ്ഗാനിലെ ഈ മേഖലയില്‍ നിന്നാണ് സംസാരിച്ചതെന്ന്് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.