വിപണിയെ പോക്ക്‌മോന്‍ ഗോ കീഴടക്കി; ഫെയ്‌സ്ബുക്കും ട്വിറ്ററും വഴിമാറുമോ?

അമേരിക്കയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച വിഷയം പോക്ക്‌മോന്‍ ഗോ എന്ന പുതിയ ഗെയിമാണ്. ഗെയ്മ് പുറത്തിറങ്ങി ഒരാഴ്ചയാകുമ്പോള്‍ തന്നെ വിപണിയെ കീഴടക്കി. പല നവമാധ്യമങ്ങളേയും ഉപയോഗത്തില്‍ ഇതിനകം തന്നെ കീഴടക്കിയ പോക്ക്‌മോന്‍ ഗോ ഗെയിം, ഇപ്പോള്‍ ട്വിറ്ററിനെ തോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. ജപ്പാനീസ് കമ്പനിയായ നിന്റെന്‍ഡോ പുറത്തിറക്കിയ ഗെയിം ഇതിനകം തന്നെ അമേരിക്കന്‍ ആന്‍ഡ്രോയിഡ്, ഐ ഫോണ്‍ ഉപകരണങ്ങളിലെല്ലാം ഇടം പിടിച്ചുകഴിഞ്ഞു. ഓഗ്മെന്റഡ് റിയാലിറ്റിയെന്ന പുതു സാങ്കേതിക വിദ്യയാണ്, തങ്ങളുടെ പഴയ ഇഷ്ട കാര്‍ട്ടൂണ്‍ താരത്തിന്റെ പേരിലുള്ള ഗെയിമിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. നമ്മള്‍ ഒരു സ്ഥലത്തെത്തി ക്യാമറയും ജിപിഎസും ഓണാക്കിയാല്‍ ആ സ്ഥലത്തിനനുസരിച്ച പോക്ക്‌മോനായിരിക്കും പ്രത്യക്ഷപ്പെടുക. പാര്‍ക്കിലെത്തിയാല്‍, കണ്‍മുന്നിലുള്ള പാര്‍ക്കിന്റെ പശ്ചാത്തലത്തിലായിരിക്കും പോക്ക്‌മോന്‍ പ്രത്യക്ഷപ്പെടുക. പാര്‍ക്കിലെ പോക്ക്മാന്‍ മരത്തില്‍ കയറുകയും ചാടിക്കളിക്കുകയുമൊക്കെ ചെയ്യുന്നയാളായിരിക്കും. നദീതീരത്തെത്തിയാല്‍ പോക്ക്‌മോന്‍ നീന്തിയായിരിക്കും കളിക്കുക. നിലവില്‍ അമേരിക്ക, ആസ്‌ത്രേലിയ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളിലെ വിപണിയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ദിനം പ്രതി ശരാശരി അമേരിക്കക്കാരന്‍ 43 മിനുട്ട് പോക്ക്‌മോന്‍ ഗോ ഗെയിമിനായി ചിലവഴിക്കുന്നുവെന്നാണ് ഇപ്പോളത്തെ കണക്കുകള്‍.

© 2024 Live Kerala News. All Rights Reserved.