ഡേവിഡ് കാമറോണ്‍ പടിയിറങ്ങി; തെരേസ മേയ് ബ്രീട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു; എല്ലാവര്‍ക്കും വേണ്ടിയുള്ള സര്‍ക്കാരായിരിക്കും തന്‍േറതെന്ന് തെരേസ

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് ചുമതലയേറ്റു. പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് തെരേസ മേയ് അധികാരമേറ്റത്. കാമറോണിന്റെ രാജി രാജ്ഞി അംഗീകരിച്ചു. ഡേവിഡ് കാമറോണ്‍ പദവി ഒഴിഞ്ഞ് ഒരു മണിക്കൂറിനുശേഷമാണ് ഭര്‍ത്താവ് ഫിലിപ് മെയ്‌ക്കൊപ്പം തേരേസ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലെത്തി ലോകമാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ആധുനികനും മഹാനുമായ പ്രധാനമന്ത്രിയുടെ കാല്‍പാടുകളെ പിന്തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ഡേവിഡ് കാമറോണിനെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടിയുള്ള സര്‍ക്കാരായിരിക്കും തന്‍േറതെന്നും വിശേഷാധികാരമുള്ള കുറച്ചുപേര്‍ക്കുവേണ്ടി മാത്രമുള്ള സര്‍ക്കാരായിരിക്കില്ലെന്നും ആദ്യ പൊതുപ്രസംഗത്തില്‍ തെരേസ പ്രഖ്യാപിച്ചു. കൂടുതല്‍ നല്ല ബ്രിട്ടന്‍ കെട്ടിപ്പടുക്കലാണ് തന്റെ ലക്ഷ്യം. ഒരുവിധം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവര്‍ക്കും ജീവിക്കാന്‍വേണ്ടി വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരുന്നവര്‍ക്കുമെല്ലാം ജീവിതത്തെ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തുനല്‍കുമെന്നും അവര്‍ പറഞ്ഞു. മാര്‍ഗരറ്റ് തച്ചര്‍ക്ക് ശേഷം ബ്രിട്ടന്റെ രണ്ടാം വനിതാ പ്രധാനമന്ത്രിയാണ് തെരേസ മേയ്.

© 2024 Live Kerala News. All Rights Reserved.