വ്യാജമദ്യമൊഴുകാന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എക്‌സൈസ് പരിശോധന ഊര്‍ജ്ജിതമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ മദ്യമൊഴുകാന്‍ സാധ്യയുണ്ടെന്ന രഹസ്യന്വേഷണ വിഭാഗം എക്‌സൈസ് വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. കള്ള് ഷാപ്പുകള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവും, സ്പിരിറ്റും ഒഴുകാനുള്ള സാധ്യതയാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്നത്. ഓണം സീസണ്‍ ആകുന്നതോടെ സംസ്ഥാനത്ത് വന്‍ തോതില്‍ വ്യാജനെ ഒഴുക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതേതുടര്‍ന്ന് ഷാപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന എക്‌സൈസ് വകുപ്പ് ശക്തമാക്കി. ഷാപ്പുകളുടെ ലൈസന്‍സ്, കള്ളിന്റെ ഗുണനിലവാരം, ശുചിത്വം, സമയക്രമം, പ്രദേശത്ത് ചെത്തുന്ന കള്ളിന്റെ അളവും വില്‍ക്കുന്ന കള്ളിന്റെ അളവും തമ്മിലുള്ള വ്യാത്യാസം എന്നിങ്ങനെയാണ് എക്‌സൈസ് പരിശോധിക്കുക. ഇതിനായി മൊബൈല്‍ ഗുണമേന്മ പരിശോധന കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ മൂണ്‍ ഷൈനിന്റെ ഭാഗമായി സംസ്ഥാനത്തെ കള്ളുഷാപ്പുകളില്‍ ഇതിനകം തന്നെ എക്‌സൈസ് വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. നേരത്തെ  ക്ലബ്ബുകളിലും എക്‌സൈസ് വകുപ്പ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ആറ്റിങ്ങള്‍, സുല്‍ത്താന്‍ ബെത്തേരി എന്നിവടങ്ങളിലെ ക്ലബ്ബുകളില്‍ അനധികൃത മദ്യവിതരണം നടക്കുന്നതായി എക്‌സൈസ് വകുപ്പ് കണ്ടെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.