കെട്ടിടങ്ങളും മനുഷ്യരും ഭൂമിയിലേക്ക് താഴ്ന്ന് പോകും; കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും വന്‍ ഭൂകമ്പത്തിന് സാധ്യത; 14 കോടി ജനങ്ങളെ ബാധിക്കും

ന്യൂഡല്‍ഹി: വന്‍ ഭൂകമ്പത്തോടെ ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ബംഗ്ലദേശിലെയും 14 കോടി ജനങ്ങളെ ബാധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 8.2 മുതല്‍ ഒന്‍പതുവരെ രേഖപ്പെടുത്താനിടയുള്ള ഭൂചലനം ഇന്ത്യയെയും ം ബംഗ്ലദേശിനെയും തകര്‍ത്തു തരിപ്പണമാക്കുമെന്ന് ‘നേച്ചര്‍ ജിയോസയന്‍സ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ജിയോഫിസിസ്റ്റ് മൈക്കല്‍ സ്റ്റെക്‌ലര്‍, ധാക്ക സര്‍വകലാശാലയിലെ ജിയോളജിസ്റ്റ് സയിദ് ഹുമയൂണ്‍ അക്തര്‍ എന്നിവര്‍ ചേര്‍ന്നാണു പഠനം നടത്തിയത്. ഭൂകമ്പം എന്നു സംഭവിക്കുമെന്നു പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും ഉടനെ സംഭവിക്കുകതന്നെ ചെയ്യുമെന്നാണു ഗവേഷകരുടെ മുന്നറിയിപ്പ്. ബംഗ്ലദേശ് തലസ്ഥാനമായ ധാക്ക മനുഷ്യവാസം ഇല്ലാതാകും. കെട്ടിടങ്ങളും റോഡുകളും മനുഷ്യരും ഭൂമിയിലേക്കു താഴ്ന്നുപോവും. നദികള്‍ ഗതിമാറി ഒഴുകും. 62000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഈ വന്‍ചലനത്തില്‍ വിറകൊള്ളുമെന്നും പഠനത്തിലുണ്ട്. ഗംഗ, ബ്രഹ്മപുത്ര നദീതടങ്ങള്‍ക്കു താഴെയുള്ള ഭൗമപാളികള്‍ക്കുണ്ടാവുന്ന ചലനമാണു ഭൂചലനത്തിനു കാരണമായി പറയുന്നത്. ഇതോടെ ബംഗ്ലാദേശിലുള്‍പ്പെടെ കടുത്ത ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.