പ്രവാചകന്‍ പേനയോ കീബോര്‍ഡോ ഉപയോഗിച്ച് മനുഷ്യരെ എഴുതാന്‍ പഠിപ്പിച്ചിട്ടില്ല; ഹിമാലയന്‍ അസംബന്ധം തിരുത്താന്‍ തയ്യാറാകണം; ചിന്താ ജെറോമിന്റെ മണ്ടന്‍ പരാമര്‍ശത്തിന് അഡ്വ. ജഹാംഗീറിന്റെ മറുപടി

കോഴിക്കോട്: ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള സിപിഎം നേതാവ് ചിന്ത ജെറോമിന്റെ ഫെയ്‌സബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങള്‍ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ഇടതുപക്ഷ സഹയാത്രികനായ അഡ്വ. ജഹാംഗീര്‍ ഫെയ്‌സ്ബുക്കിലൂടെ ഉറച്ച മറുപടി നല്‍കിയത്. മനുഷ്യനെ പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ചത് പ്രവാചകന്‍ ആണെന്നുള്ള ചിന്തയുടെ പരാമര്‍ശമാണ് ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. ചിന്തയുടേത് മുസ്ലിം പ്രീണനമാണെന്നും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുവിശ്വസിക്കുന്നൊരാള്‍ക്ക് ഇത്തരം യുക്തിരഹിതമായ പരാമര്‍ശങ്ങള്‍ നടത്താനാവില്ലെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ചിന്തയുടെ പരാമര്‍ശം ഹിമാലയന്‍ അസംബന്ധമാണെന്ന് കാണിച്ചാണ് ജഹാംഗീര്‍ രംഗത്ത് വന്നത്.

ജഹാംഗീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയ സഖാവേ Chintha Jerome,
ഇങ്ങനെയൊരു കുറിപ്പ് സ്വപ്നത്തില്‍ വിചാരിച്ചതല്ല. പക്ഷേ നിങ്ങള്‍ വീണിടത്ത് കിടന്നുരുളുകയും, ‘പേന’ എന്ന വാക്കിനു ശബ്ദതാരാവലിയില്‍പ്പോലുമില്ലാത്ത അര്‍ഥങ്ങള്‍ വ്യാഖ്യാനിച്ച് ബുദ്ധിമുട്ടുകയും ചെയ്യുന്നതിനാല്‍ ചിലത് പറയാതെ വയ്യ.
1) സുഹൃത്തേ, പ്രാഥമികമായ കാര്യം Pradeep Gs ന്റെ പോസ്റ്റ് ഒരു കടപ്പാട് പോലും വയ്ക്കാതെ നിങ്ങള്‍ മോഷ്ട്ടിച്ചു എന്നതാണ്. ഡിങ്കോയിയിസ്റ്റുകള്‍ പറയുന്നത് പോലെ, ബാലമംഗളം ഒഴികെ സകല മത ഗ്രന്ഥങ്ങളും, പ്രത്യയശാസ്ത്രങ്ങളും അതുമായി ബന്ധപ്പെടുന്ന വ്യക്തികളും ട്രോളപ്പെടുന്ന ഒരു ഭൂപ്രദേശമാണ് സോഷ്യല്‍ മീഡിയ. 2016 കാലത്തെ സോഷ്യല്‍ മീഡിയയിലെ മനുഷ്യര്‍ താങ്കളെയും , പ്രദീപിനെയും ഒരേ സമയം വായിക്കുന്നവരാണ്എന്ന മിനിമം ബോധം സഖാവിനു ഇല്ലാതെ പോയി.
2) കോലോത്തെ ലക്ഷ്മി എന്ന ആന പ്രസവിക്കുകയും, ആ കുഞ്ഞിന്റെ അച്ഛന്‍ എങ്ങിനെയാണ് ഞാന്‍ തന്നെയാകുന്നത് എന്ന് എട്ടുകാലി മമ്മൂഞ്ഞ് വിശദീകരിക്കുകയും ചെയ്യുന്നത് പോലെയാണ് താങ്കളുടെ മണിക്കൂറുകള്‍ക്കു മുന്‍പുള്ള വിശദീകരണ പോസ്റ്റ് ( https://goo.gl/4aGiAY ) . കാരണം ജീ എസ് പ്രദീപ് ഒരു വാക്കുപയോഗിക്കുമ്പോള്‍ അദ്ദേഹം കല്‍പ്പിക്കുന്ന അര്‍ഥങ്ങള്‍ താങ്കള്‍ വ്യാഖ്യാനിക്കുകയാണ് ചെയ്തത്.
3) ‘പേന ‘എന്ന വാക്കിനു വിശാല അര്‍ത്ഥത്തില്‍ വാക്ക്, അറിവ്, ആക്ഷരം എന്ന് കൂടി ഉണ്ടല്ലോ..’ എന്നാണു താങ്കള്‍ വിശദീകരിക്കുന്നത്. ഇല്ല സഹോദരി ‘പേന’യ്ക്ക് എഴുത്തുപകരണം, തൂലിക, പെന്‍ എന്നീ അര്‍ഥങ്ങള്‍ മാത്രമേ മലയാള ഭാഷയിലുള്ളൂ. ഇനിയതല്ല ഞാന്‍ ഉദേശിച്ചത് മറ്റ് അര്‍ത്ഥങ്ങളാണ് എന്ന് പറയണമെങ്കില്‍ത്തന്നെ അതിനു അവകാശം ജീ എസ് പ്രദീപിന് മാത്രമാണ് . കാരണം അയാളുടെതാണ് ആ കുറിപ്പ്. അത് പോട്ടെ, എഴുതുന്നവന്‍ കാണാത്ത അര്‍ത്ഥം നിരൂപകന്‍ കാണുകപോലും ചെയ്യുന്ന കാലത്ത് താങ്കളുടെ അപഹാസ്യമായ വിശദീകരണ അസംബന്ധം അവിടെ നില്‍ക്കട്ടെ തല്‍ക്കാലം.!
4) നേതാവേ, ഒരു മാര്‍ക്‌സിസ്റ്റ്കാരിയായ താങ്കള്‍ക്കു മതങ്ങളുമായി ബന്ധപ്പെട്ട മാര്‍ക്‌സിയന്‍ ദര്‍ശനം അറിയില്ല എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല കേരളം പോലെ ഒരു ബഹുമത സമൂഹത്തില്‍ (പ്രത്യേകിച്ച് സംഘപരിവാര്‍ വേരുറപ്പിക്കുന്ന സമൂഹത്തില്‍) ഇസ്ലാമിക മത വിശ്വാസവുമായി ബന്ധപ്പെട്ട ഒരാഘോഷത്തിനു ആശംസകള്‍ അര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ടിയിരുന്ന ചില മിനിമം കോമണ്‍ സെന്‍സ് ഉണ്ടായിരുന്നില്ലേ..? വാക്കുകള്‍ ഉപയോഗിക്കുന്നതിലെ സൂക്ഷ്മതക്കുറവ് സൃഷ്ടിച്ചേക്കാവുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സഖാവ് ഈ എം എസ്സിന്റെ നിലപാടുകള്‍ നിങ്ങള്‍ പഴയ ദേശാഭിമാനി/ ചിന്ത വാരികകള്‍ തേടിപ്പിടിച്ചു വായിച്ചു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
5) മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന മാര്‍ക്‌സിന്റേതായുള്ള ഉദ്ധരണി ഏറെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും തെറ്റായ മനസ്സിലാക്കലുകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ‘റിലീജിയന്‍ ഈസ് ദി ഒപ്പിയം ഓഫ് മാന്‍’ എന്നതിനെ ഈ എം എസ് വിശദീകരിക്കുന്നതിനെ ഇവിടെ പറയുന്നത്, ഇവിടെയും വിഷയം താങ്കളുടെ നഗ്‌നമായ മുസ്ലിം പ്രീണനം ആയതിനാലാണ്.
6) ഒന്നാമതായി, നിലനില്‍ക്കുന്ന സമൂഹം വര്‍ഗസമൂഹമാണ്. ചൂഷകരും ചൂഷിതരും എന്ന രണ്ടുവര്‍ഗങ്ങള്‍ പരസ്പരം, അഭിമുഖീകരിക്കുന്നു. വര്‍ഗസംഘര്‍ഷത്തിന്റെ ഈ പശ്ചാത്തലത്തില്‍ മതം എന്ന സ്ഥാപനം വഹിക്കുന്ന ദൗത്യം എന്താണ് എന്നാണ് മാര്‍ക്‌സിസം അന്വേഷിക്കുന്നത്. നിസ്സഹായരും നിരാശ്രയരുമായ ചൂഷിത ബഹുജനങ്ങള്‍ക്ക് അവരുടെ ദുരിത ഭാണ്ഡങ്ങള്‍ ഇറക്കിവെയ്ക്കാനുള്ള അത്താണിയാണ് ദൈവത്തിലോ വിധിയിലോ ഒക്കെയുള്ള വിശ്വാസം. ഇഹലോകത്തെ കഷ്ടപ്പാടുകള്‍ക്ക് പരലോക സ്വര്‍ഗം പകരം ലഭിക്കുമെന്ന ആശ്വാസവചനം മതം അവര്‍ക്ക് നല്‍കുന്നു. അത്രത്തോളം കരുണ, മനുഷ്യത്വവും ചൂഷിത ബഹുജനങ്ങളോട് മതം കാണിക്കുന്നുണ്ട്.
7) അതേസമയം വര്‍ഗചൂഷണമെന്ന സാമൂഹ്യ യാഥാര്‍ഥ്യത്തെ മറച്ചുവെയ്ക്കുക എന്ന വഞ്ചനാപരമായ നിലപാടിലൂടെ, വര്‍ഗാധികാര വ്യവസ്ഥയെ സംരക്ഷിക്കുക എന്ന ധര്‍മവും മതം നിര്‍വഹിക്കുന്നു. വേദന സംഹാരിയായി മയക്കുമരുന്ന് (കറുപ്പ്) നല്‍കുന്നതുപോലെയാണിത്. വേദനയില്‍നിന്ന് താല്‍ക്കാലികമായ ആശ്വാസം. പ്രശ്‌നപരിഹാരത്തിനുള്ള ആത്യന്തിക വഴിയെ മറച്ചുവെക്കല്‍.
8) എന്നിരിക്കിലും വോട്ട് ബാങ്കാണ് താങ്കളുടെയും സര്‍ക്കസിന്റെ പിന്നിലെ ചേതോവികാരം എന്ന് മനസ്സിലായ സ്ഥിതിയ്ക്ക് ലെനിന്‍ പോലും ഭൂതകാലത്ത് താങ്കളുടെ നിലപാടിനെ സാധൂകരിചിട്ടുണ്ട്എന്ന് പറയാതെ വയ്യ. ‘പുരോഹിതനും പാര്‍ടിയില്‍ അംഗമാകാം; പാര്‍ടി പരിപാടിയും ഭരണഘടനയും അനുസരിച്ച് പ്രവര്‍ത്തിക്കും എന്ന നിബന്ധനയോടെ’ എന്ന് ലെനിന്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.
സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുക്കപ്പെട്ട വാക്കിന്റെയോ, വാക്യത്തിന്റെയോ പ്രശ്‌നമല്ല മാര്‍ക്‌സിസത്തിന് മതത്തോടുള്ള സമീപനം. അതേറെ സംവാദാത്മകമാണ്. ഈ സംവാദാത്മകമാണ് എന്ന കച്ചിത്തുരുമ്പുതന്നെയാണ് മതപ്രീണനം നടത്തുന്ന സകല സോഷ്യല്‍ ഡെമോക്രാറ്റുകളും പറയുന്ന മതപ്രീണനത്തിന്റെ ന്യായീകരണം.
9) പക്ഷേ, അപ്പോഴും ‘പേന കൊണ്ടെഴുതാന്‍ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹു വിന്റെയും പ്രവാചകനായ നബി സലല്ലാഹു അലൈവസല്ലത്തിന്റെയും നാമധേയത്തില്‍ ‘ എന്ന താങ്കളുടെ (പ്രദീപിന്റെ ) പ്രയോഗം ഇസ്ലാമിക പ്രത്യയശാസ്ത്രപ്രകാരവും ഹിമാലയന്‍ അസംബന്ധമാണ്. എങ്ങിനെയെന്നാല്‍ ഒരു ദൈവവും (യാതൊരു പ്രത്യയശാസ്ത്രത്തിലെയും) ഒരു മനുഷ്യനെയും പേനയോ കീബോര്‍ഡോ ഉപയോഗിച്ച് എഴുതാന്‍ പഠിപ്പിച്ചതായി ഒരു വേദവും പറയുന്നില്ല. എല്ലാത്തിലും ഉപരിയായി മുഹമ്മദ് നബി ഒരു നിരക്ഷരന്‍ ആയിരുന്നു എന്നുമാണ് ഇസ്ലാം പറയുന്നത്..!
കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല; പിഴവുകളില്‍ ‘ഉരുളാന്‍’ നില്‍ക്കാതെ തിരുത്തി മുന്നോട്ട് പോകുവാനുള്ള മനസ്സുണ്ടാകാന്‍ ഒരാകാശം നിറയെ, സ്‌നേഹം നിറഞ്ഞ ശുഭാശംസകള്‍…! 🙂 <3
ജഹാംഗീര്‍

© 2024 Live Kerala News. All Rights Reserved.